കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി വന്ന സ്വകാര്യ ആംബുലന്‍സ് ദേശീയപാതയിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. അപകടത്തില്‍ ഹൃദ്രോഗിയുടെ കാലൊടിഞ്ഞു. ഡ്രൈവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എത്തിയ ആംബുലന്‍സ് ഇന്ന് രാവിലെ 7.40 ന് മെഡിക്കല്‍ കോളേജിന് 200 മീറ്റര്‍ അടുത്ത് വച്ചാണ് അപകടത്തില്‍പെട്ടത്.
കാഞ്ഞങ്ങാട് സ്വദേശികളായ ബൈത്തുല്‍ ഇര്‍ഷാദിലെ അബ്ദുല്‍ ഖാദര്‍(63), ജമീല (47) എന്നിവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന മുഹമ്മദ് ഫാസില്‍(23), ആംബുലന്‍സ് ഡ്രൈവര്‍ എന്‍.പി.ഷംസീര്‍ (33) എന്നിവർക്ക് നിസാര പരിക്കേറ്റു. നാലുപേരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ആംബുലന്‍സിന്‍റെ സ്റ്റിയറിങ് തകരാറായതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിയാരം എ.എസ്.ഐ സി.ജി. സാംസണിന്‍റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.