കണ്ണൂർ : വ്യക്‌തിഗതമായ ചുമതല എന്നതിനപ്പുറം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിർവഹിക്കുമെന്ന് എ. വിജയരാഘവൻ. ബിജെപിക്കെതിരായ ജനകീയ മുന്നേറ്റത്തിന്‍റെ നേതൃസ്ഥാനത്ത് നിൽക്കേണ്ട തൊഴിലാളിവർഗ പാർട്ടിയാണ് സിപിഎം. അതിനാൽ പ്രവർത്തകരാകെ ഒന്നിച്ച് നിൽക്കുകയെന്ന പാർട്ടി കോൺഗ്രസ് തീരുമാനം പ്രാവർത്തികമാക്കാൻ പരിശ്രമിക്കുമെന്നും പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ വിജയരാഘവന്‍ പറഞ്ഞു.
ദേശീയ തലത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ശക്‌തമായി വളർന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിൽ വലിയ വിജയമുണ്ടായിട്ടില്ലെങ്കിലും സമരങ്ങളിലെ വലിയ മുന്നേറ്റങ്ങളുടെ കാലമാണ് ഇത്. അവ വിപുലപ്പെടുത്തി രാഷ്ട്രീയമായി കൂടി ബിജെപിയെ പരാജയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
75 വയസ് എന്ന പ്രായപരിധി മാനദണ്ഡമാക്കിയതിനെ തുടര്‍ന്ന് പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിഞ്ഞ എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് പകരമാണ് നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പിബിയിലെത്തിയത്. 2018 ജൂണിലാണ് അദ്ദേഹം എൽഡിഎഫ് കൺവീനറായത്.
2020ൽ കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നപ്പോള്‍ ഒരേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയായും എൽഡിഎഫ് കൺവീനറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.