കണ്ണൂര്‍: യുഡിഎഫ് കൺവീനർ എംഎം ഹസന് മറുപടിയുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍. വർഗീയതയെ എതിർത്ത പാരമ്പര്യം കോൺഗ്രസിന് ഇല്ലെന്നും എംഎം ഹസനും കോൺഗ്രസിനും വർഗീയതയോടുള്ള വിധേയത്വം മാത്രമേ അറിയുകയുള്ളൂവെന്നും വിജയരാഘവൻ പറഞ്ഞു.
വര്‍ഗസമരം വിട്ട് വര്‍ഗീയ സമരമാണോ നടത്തുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് എംഎം ഹസന്‍ കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്ത് മതന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ പരമാര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എംഎം ഹസന്‍. സംഘപരിവാര്‍ നടത്തുന്ന അതേ പ്രചാരണമാണ് സിപിഎം നടത്തുന്നതെന്നും എംഎം ഹസന്‍ ആരോപിച്ചിരുന്നു.
വർഗീയതക്കെതിരെ സിപിഎമ്മിന് വ്യക്തമായ രാഷ്ട്രീയ നിലപാടാണുള്ളത്. തീവ്ര ഹിന്ദുത്വ നിലപാട് ഉയർത്തിപ്പിടിക്കുന്ന ബിജെപിക്കെതിരെ എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒരു ഒത്തുതീര്‍പ്പിലും വിധേയമായിട്ടില്ല. ന്യൂനപക്ഷ വർഗീയതയുടെ തകരാർ ചൂണ്ടിക്കാണിക്കാനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്.
കൊലപാതകത്തേക്കാൾ ക്രൂരമാണ് ന്യായീകരണം
പൊതുപ്രവർത്തനവും രാഷ്ട്രീയവും മറ്റൊരാളുടെ ജീവനെടുക്കാനുള്ള അവകാശമല്ല. കൊലപാതകത്തേക്കാൾ ക്രൂരമാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ന്യായീകരണം. വിങ്ങിപ്പൊട്ടുന്ന ഒരച്ഛനും അമ്മയും ഉണ്ടെന്ന് മനസിലാക്കാനുള്ള മനുഷ്യത്വമില്ല എന്നതാണ് സുധാകരന്‍റെ ബലഹീനത. അതിനെ ന്യായീകരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്.
പങ്കാളിത്തത്തിലും പ്രതിനിധി സമ്മേളനത്തിലും അംഗസംഖ്യ കുറച്ചുകൊണ്ട് കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് സമ്മേളനങ്ങളിൽ എല്ലാ ചലനങ്ങളും നടക്കുന്നത്. അതിനാലാണ് വലിയ റാലികളും മാർച്ചുകളും സിപിഎം വേണ്ടെന്ന് വച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also read: കോടിയേരിയുടെ പരാമര്‍ശം: സംസ്ഥാന രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമമെന്ന് എം.എം ഹസ്സന്‍