വയനാട്: വയനാടന്‍ ഭംഗി ആസ്വദിക്കാന്‍ ചുരംകേറി എത്തുന്നത് നിരവധി വിനോദ സഞ്ചാരികളാണ്. ജില്ലയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് വിനോദ സഞ്ചാര മേഖലയാണെങ്കില്‍ കൂടിയും ചിലപ്പോഴെങ്കിലും വയനാടിന്‍റെ തനത് ഭംഗിക്ക് കോട്ടം തട്ടാന്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖലയില്‍ ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികള്‍ കാരണമാകാറുണ്ട്. എന്നാല്‍ ഇനിയത് ഉണ്ടാകില്ലെന്നും വയനാടിന്‍റെ തനിമ നിലനിർത്തിക്കൊണ്ടുള്ള വിനോദസഞ്ചാര പദ്ധതികൾക്കായിരിക്കും മുൻഗണന നൽകുകയെന്നും അധികാരത്തിലെത്തിയ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാര്‍ കല്‍പ്പറ്റയില്‍ അറിയിച്ചു.
പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുമെന്നും ഷംസാദ് മരക്കാർ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് 32 കാരനായ ഷംസാദ്. കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകുന്ന വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിക്കാന്‍ പദ്ധതിയുള്ളതായും ഷംസാദ് കൂട്ടിച്ചേര്‍ത്തു. വയനാടൻ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്‌ത് വിപണി കണ്ടെത്താനും ജില്ലാശുപത്രി വികസനത്തിന് വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കാനും ആദിവാസി വിഭാഗത്തിലുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി തയ്യാറാക്കാനും പാരമ്പര്യ വൈദ്യന്മാരെ വിനോദസഞ്ചാര പദ്ധതികളുമായി ബന്ധിപ്പിക്കാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതായി ഷംസാദ് മരയ്ക്കാർ പറഞ്ഞു.