വയനാട്: നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടവർ മറ്റുള്ളവരുമായി ഇടപഴകുന്നതാണ് ജില്ലയില്‍ രോഗ വ്യാപനം വര്‍ധിക്കാന്‍ കാരണമാകുന്നതായി ആരോപണം. മാനന്തവാടി തിരുനെല്ലി പ്രദേശങ്ങളിലാണ് കൂടുതൽ ഭീഷണിയുള്ളത്. പ്രദേശത്ത് രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ മകളുടെ ഭർത്താവിന്‍റെ ആദ്യ സമ്പർക്ക പട്ടികയിൽ 20 പേരുണ്ട്. രണ്ടാം സമ്പർക്ക പട്ടികയിൽ 78 പേരാണുള്ളത്. ഇയാളിൽ നിന്ന് രോഗം പിടിപെട്ട കട്ടപ്പന വലി സ്വദേശിയുടെ ആദ്യ സമ്പർക്ക പട്ടികയിൽ തന്നെ 78 പേരുണ്ട്.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിയായ 29 കാരന്‍റെ ഒന്നാം സമ്പർക്ക പട്ടികയിൽ 20 പേരും രണ്ടാം സമ്പർക്ക പട്ടികയിൽ 82 പേരുമുണ്ട്. ക്വാറന്‍റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ആരോഗ്യ വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൂൽപ്പുഴ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മേഖലയിലെ കോളനികളിലെ ആദിവാസി വിഭാഗത്തിൽ പെട്ട 340 പേരും ഇതരവിഭാഗങ്ങളില്‍പെട്ട 260 പേരും പ്രത്യേകം നിരീക്ഷണത്തിലാണ്. അഞ്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് തിരുനെല്ലി പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കോളനികളിലെ 65 വയസിനു മുകളിലുള്ളവർ, കിടപ്പിലായ രോഗികൾ, 10 വയസിനു താഴെയുള്ള കുട്ടികൾ, സിക്കിൾസെൽ അനീമിയ രോഗികൾ മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിങ്ങനെയുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ചീരാലിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ദുബൈയിൽ നിന്നെത്തിയ രണ്ടുപേരെ കാണാൻ നിർദ്ദേശങ്ങൾ ലംഘിച്ച് അടുത്തബന്ധുക്കൾ എത്തിയിരുന്നു. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടൈൻമെന്‍റ് സോണുകൾ വർധിപ്പിച്ചിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്തിലെ ആറാം വാർഡും പനമരം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളും കണ്ടൈൻമെന്‍റ് സോണാക്കി. 140 പൊലീസുകാരാണ് ജില്ലയിൽ സ്വമേധയാ നിരീക്ഷണത്തിൽ കഴിയുന്നത്.