വയനാട്: അമ്പലവയലിനടുത്ത് അമ്പുകുത്തിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പുൽപ്പള്ളി ഇരുളം ചുണ്ടക്കൊല്ലി സ്വദേശികളായ ഞാറക്കോടൻ എന്‍.എം അഷ്റഫ്(29), വെട്ടിക്കാട്ടിൽ അനൂപ് (33) എന്നിവരാണ് മരിച്ചത്. സ്ഥലമുടമ ഫാ.ബേസിൽ വട്ടപ്പറമ്പിൽ, പാമ്പ്ര സ്വദേശി തകിടിയിൽ എൽദോ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്‍റെ രണ്ടാം നിലയിലെ സൺഷെയ്‌ഡ് സ്ലാബ് പൊളിഞ്ഞു വീണാണ് അപകടമുണ്ടായത്. സ്ലാബിനടിയിൽ ഭിത്തിയിൽ സിമന്‍റ് തേയ്ക്കുന്നതിനിടെയാണ് തൊഴിലാളികൾ അപകടത്തില്‍പെട്ടത്. സുൽത്താൻ ബത്തേരിയിലെ അഗ്നിശമന സേനയും, അമ്പലവയൽ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.