വയനാട്: കൊവിഡ്19 മുൻകരുതലിന്‍റെ ഭാഗമായി കലക്‌ട്രേറ്റിലെ പിആർഡി ഓഫിസ് പ്രവർത്തനം താൽകാലികമായി മാറ്റി. ഇൻഫർമേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരെല്ലാം ഇന്നുമുതൽ ഗൃഹനിരീക്ഷണത്തിലായിരിക്കും. വീട്ടിലിരുന്നായിരിക്കും ഇവര്‍ ജോലി ചെയ്യുക. മാനന്തവാടിയിലെ ഒരു കൊവിഡ് 19 രോഗിയുമായി ദ്വിദീയസമ്പർക്കത്തിലുള്ള ആളുമായി സമ്പർക്കമുള്ള ഒരു ജീവനക്കാരി പിആർഡി ഓഫിസിൽ ജോലി ചെയ്തിരുന്നു. ഇതേതുടർന്നാണ് ഉദ്യോഗസ്ഥർ ഹോം ക്വാറന്‍റൈനിൽ പ്രവേശിച്ചത്.
വയനാട് ജില്ലയിൽ നിന്ന് 331 പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സാമ്പിളുകൾ ശേഖരിച്ച ജില്ലകളിലൊന്നാണ് വയനാട്. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ഇന്നുമുതൽ ആയിരം പേർക്ക് പ്രവേശനം നൽകും. ഇതുവരെ 800 പേർക്കാണ് പ്രവേശനം നൽകിയിരുന്നത്. ഒപ്പം മാനന്തവാടിയിലെ കമ്മനയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച കഞ്ചാവ് കടത്തുമായി ബന്ധമുള്ള യുവാവിന്‍റെ സമ്പർക്ക പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.
വയനാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാഭരണകൂടം