വയനാട്: ജില്ലയില്‍ ഇക്കൊല്ലം ജൂണിൽ പെയ്ത മഴയിൽ ശരാശരി 30 ശതമാനം കുറവുണ്ടായതായി കണക്കുകൾ. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകളാണ് ജില്ലയിൽ മഴ കുറഞ്ഞതായി സൂചിപ്പിക്കുന്നത്. വയനാട്ടിൽ ജൂണിൽ കിട്ടിയ മഴയുടെ കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ അനുസരിച്ചാണ് ഇക്കൊല്ലം മഴ കുറഞ്ഞതായി വ്യക്തമായിട്ടുള്ളത്.
ജൂൺ ഒന്ന് മുതൽ 25 വരെ ശരാശരി 255 മില്ലിമീറ്റർ മഴയാണ് വയനാട്ടിൽ കിട്ടേണ്ടത്. എന്നാൽ ഇക്കൊല്ലം ഇതുവരെ ശരാശരി 171 മില്ലിമീറ്റർ മഴയേ കിട്ടിയിട്ടുള്ളു. കഴിഞ്ഞ വർഷവും ശരാശരി മഴ കുറവായിരുന്നു. അഞ്ചു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂണിൽ മഴയുടെ ശരാശരി അളവിൽ കുറവ് വരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ശരാശരി 169 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ കിട്ടിയത്. 2017ൽ ശരാശരി 200 ദശാംശം 6 മില്ലിമീറ്റർ മഴ പെയ്തു. 2015ൽ 504 മില്ലിമീറ്ററും 2016ൽ 327 മില്ലിമീറ്ററും 2018ൽ 519 മില്ലിമീറ്ററും ശരാശരി മഴ കിട്ടി. ഇക്കൊല്ലം അതിവർഷം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു.