വയനാട്: മേപ്പാടി സെന്‍റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ഇന്ന് വിവാഹസൽക്കാര വേദിയായി. ഉരുൾപൊട്ടലിനെ തുടർന്ന് പുത്തുമല മേഖലയിൽ നിന്ന് ഒഴിപ്പിച്ച റാബിയയുടെ വിവാഹ സൽക്കാരമാണ് ദുരിതാശ്വാസക്യാമ്പിൽ നടത്തിയത്.
ചൂരൽമല ജുമൈലത്തിന്‍റെ മകൾ റാബിയയുടെയും പേരാമ്പ്ര സ്വദേശി ഷാഫിയുടെയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സൽക്കാരം ഇന്നലെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, വിവാഹ വസ്ത്രങ്ങൾ വാങ്ങി. എന്നാൽ വ്യാഴാഴ്ച ഉണ്ടായ ഉരുൾപൊട്ടൽ എല്ലാം തകിടം മറിച്ചു. വിവാഹ വസ്ത്രങ്ങൾ പ്രളയജലം എടുത്തു. കയ്യിൽ കൊള്ളാവുന്നത് എടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു റാബിയയും ഉമ്മയും. സംഭവമറിഞ്ഞ് ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും സ്കൂൾ പിടിഎ അംഗങ്ങളും നാട്ടുകാരും ചേർന്ന് ക്യാമ്പിൽ വിവാഹ സൽക്കാര പന്തലൊരുക്കി. ആഭരണങ്ങളും ഭക്ഷണസാധനങ്ങളും സംഭാവനയായി കിട്ടി. നൂറുകണക്കിനാളുകളുടെ അനുഗ്രഹത്തോടെ ആണ് റാബിയ ഭർതൃവീട്ടിലേക്ക് യാത്രയായത്.