വയനാട്: പുത്തുമലയിൽ കഴിഞ്ഞ വർഷമുണ്ടായ ഉരുൾ പൊട്ടലിലെ ദുരന്ത ബാധിതരെ മുഴുവൻ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപണം. ഇവർക്ക് നഷ്ടപരിഹാരവും നൽകിയിട്ടില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആരോപിച്ചു. 16 കുടുംബങ്ങളാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ കിട്ടാതെ വാടക വീടുകളിൽ കഴിയുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്‍റ് സി.ടി ഉനൈസ് പറഞ്ഞു.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ മേപ്പാടിക്കടുത്ത് പൂത്തക്കൊല്ലിയിൽ ഏറ്റെടുത്ത ഭൂമിയിൽ ഈ കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടുത്ത തിങ്കളാഴ്ച കലക്‌ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുമെന്ന് ഉനൈസ് പറഞ്ഞു. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങളും സമരത്തിൽ പങ്കെടുക്കും.