വയനാട്: പനമരത്തിനടുത്ത് ചീക്കല്ലൂർ കുറുമ ആദിവാസി കോളനി മണ്ണിടിച്ചിൽ ഭീഷണിയിൽ. റോഡ് വീതി കൂട്ടാൻ വീടിനു മുന്നിൽ നിന്ന് മണ്ണ് എടുത്തതാണ് പ്രധാന കാരണം. പത്ത് വീടുകളുള്ള കൂളിമൂല കുറുമ കോളനിയിലെ ഏഴ് വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. രണ്ടുമാസം മുൻപാണ് റോഡിന് വീതി കൂട്ടാൻ ഇവിടെ നിന്ന് മണ്ണെടുത്തത്. റോഡരികിൽ വീടിന് മുന്നിൽ സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനായി ഫണ്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിശദീകരണം.
കുന്നിൻ പ്രദേശമായ ഇവിടെ വീടുകൾക്ക് പിന്നില്‍ നേരത്തെ തന്നെ മണ്ണിടിച്ചിൽ ഉണ്ട്. പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാർ ജില്ലാ കലക്ടർക്കും പനമരം പഞ്ചായത്തിലും പരാതി നൽകി.