വയനാട്: ലോക്ക് ഡൗൺ മൂലം ജില്ലയിലെ ടൂറിസം മേഖലയില്‍ കോടികളുടെ നഷ്ടം. 2018 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജില്ലയില്‍ ടൂറിസം രംഗത്ത് 547 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നു ഡി.ടി.പി.സി അറിയിച്ചു. 2018 ഫെബ്രുവരിയെ അപേക്ഷിച്ചു 50 ശതമാനം സഞ്ചാരികള്‍ മാത്രമാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ എത്തിയത്. ഇതു മാര്‍ച്ചില്‍ 10 ശതമാനമായി കുറഞ്ഞു. ഈ മാസത്തെ അവസ്ഥ അടുത്ത മാസവും തുടരും.
ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നതുമൂലം അനുബന്ധ മേഖലകളില്‍ ഉണ്ടായ വരുമാനച്ചോര്‍ച്ചയും ചേര്‍ത്താണ് നഷ്ടം കണക്കാക്കിയത്. 2018ലെ പ്രളയത്തിനും ജില്ലക്ക് പുറത്തുണ്ടായ നിപ്പ വൈറസ് ബാധക്കും പിന്നാലെ തുടങ്ങിയതാണ് വയനാടന്‍ ടൂറിസത്തിന്‍റെ കഷ്ടകാലം. ടൂറിസം രംഗത്തു മുതല്‍മുടക്കിയവര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ 2019ലെ മഴക്കാലത്തും പ്രകൃതിദുരന്തം ആവര്‍ത്തിച്ചു. ഇതോടെ മണ്‍സൂണ്‍ ടൂറിസത്തില്‍ അര്‍പ്പിച്ച പ്രതീക്ഷയും ഫലം കണ്ടില്ല. റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ്‌ഡ് വില്ല, ഹോട്ടല്‍, ടൂറിസ്റ്റ് ബസ്, ട്രാവലര്‍, ടാക്‌സി ഉടമകളും തൊഴിലാളികളും ടൂറിസം കേന്ദ്രങ്ങളിലെ ചെറുകിട സംരംഭകരും പ്രതിസന്ധിയിലാണ്.