വയനാട്: ലോക്ക് ഡൗൺ കാരണം കൃഷി ചെയ്യാൻ കൂടുതൽ സമയം കിട്ടിയതിന്‍റെ സന്തോഷത്തിലാണ് മാനന്തവാടി എം.എൽ.എ ഒ.ആർ കേളു. കാപ്പിക്കൊപ്പം വീട്ടുപറമ്പിൽ പച്ചക്കറിയും ഇദ്ദേഹം വിളയിച്ചു. രാവിലെയും വൈകിട്ടുമാണ് കൃഷിപ്പണി.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സമയക്കുറവ് കാരണം പരമ്പരാഗതമായി ചെയ്തിരുന്ന നെൽകൃഷി ഉപേക്ഷിക്കേണ്ടി വന്നയാളാണ് മാനന്തവാടി എം.എൽ.എ ഒ.ആർ കേളു. പാട്ടത്തിന് എടുക്കുന്ന വയലിൽ നേരത്തെ നെല്ലിനൊപ്പം പച്ചക്കറിയും കൃഷി ചെയ്‌തിരുന്നു. എം.എൽ.എ ആകും മുമ്പ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു ഇദ്ദേഹം. അക്കാലത്ത് ആറ് ഏക്കറോളം വയൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുമായിരുന്നു .
ലോക്ക് ഡൗൺ ആയതോടെ വീണ്ടും കൃഷിക്കുവേണ്ടി മാറ്റിവയ്ക്കാൻ കൂടുതൽ സമയം കിട്ടി. ഇതോടെ വീട്ടുപറമ്പിൽ തന്നെ കാപ്പി ചെടികൾക്കിടയിൽ പോളിഹൗസ് ഒരുക്കി പച്ചക്കറി കൃഷി തുടങ്ങി. ഒപ്പം ചേന, ചേമ്പ്, കാച്ചിൽ, വാഴ തുടങ്ങിയവയും വീട്ടുപറമ്പിൽ നട്ടു. കോഴികളെയും ഇവിടെ വളർത്തുന്നുണ്ട്. അധികം വൈകാതെ മത്സ്യകൃഷിയും തുടങ്ങും. ഇതിനുവേണ്ട കുളമൊരുക്കി കഴിഞ്ഞു. പുതിയ പശുക്കളെ വാങ്ങാനും എം.എല്‍.എക്ക് പദ്ധതിയുണ്ട്.