വയനാട്: വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ബത്തേരിയിലെ ഷഹലയുടെ വീട് സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിനൊപ്പമാണ് മന്ത്രി ഷഹലയുടെ വീട്ടിലെത്തിയത്. ഷഹലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചചെയ്യും. ബത്തേരി സര്‍വ്വജന സ്‌കൂളില്‍ അടിയന്തര വികസന പ്രവര്‍ത്തനം നടത്തുന്നതിനായി കിഫ്ബിയില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ കൂടാതെ രണ്ട് കോടി രൂപ കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വ്വജന സ്‌കൂളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
അതിനിടെ ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ എംഎസ്എഫ് പ്രവർത്തകർ കല്‍പ്പറ്റയിലും, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ സുൽത്താൻ ബത്തേരിയിലും കരിങ്കൊടി കാണിച്ചു.