വയനാട് : കെപിസിസി നിര്‍വാഹക സമിതി അംഗവും വയനാട് ഡിസിസി മുന്‍ പ്രസിഡന്‍റുമായ പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിന് അനുസൃതമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പാർട്ടി വിടാനുള്ള തീരുമാനമെന്ന് ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് ബിജെപിയുടെ വളര്‍ച്ച പരിശോധിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് ബാലചന്ദ്രന്‍ കുറ്റപ്പെടുത്തി. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങള്‍ ഒരുപോലെ കോൺഗ്രസിൽ നിന്ന് അകലുകയാണ്. ദിശാബോധം നഷ്‌ടപ്പെട്ട പാർട്ടിക്കൊപ്പം ആളുകൾ നിൽക്കില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
Also read: മറുകണ്ടം ചാടി പ്രധാന നേതാക്കൾ ; കേരളത്തിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നോ ?
സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തന രീതിയേയും ബാലചന്ദ്രന്‍ വിമര്‍ശിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ രാഷ്‌ട്രീയ നിലപാട് സ്വീകരിയ്ക്കാന്‍ നേതൃത്വത്തിന് ആകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍ എംഎല്‍എ കെ.സി റോസക്കുട്ടി, കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ് വിട്ടിരുന്നു.