വയനാട് : ആദിവാസി വിദ്യാർഥികളെ ആക്രമിച്ച് പരിക്കേൽപിച്ച പ്രതിക്ക് ജാമ്യം ലഭിച്ചതിൽ ആശങ്കയുമായി കുടുംബം. അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും മനുഷ്യർ എന്ന പരിഗണന പോലും കോടതിയിൽ നിന്നോ പൊലീസിൽ നിന്നോ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
ഓഗസ്റ്റ് 15 ന് വയനാട് നെയ്ക്കുപ്പ കോളനിയിലെ മൂന്ന് ആദിവാസി വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിലാണ് പ്രതിയായ രാധാകൃഷ്‌ണന് മാനന്തവാടി കോടതി ജാമ്യമനുവദിച്ചത്. എസ്‌സി-എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിൽ മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ കോളനി സന്ദർശിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.
READ MORE: 'നെൽവയലിൽ കയറിയെന്ന്'; ആദിവാസി കുട്ടികളെ ക്രൂരമായി മർദിച്ച് അയൽവാസി, കേസെടുത്ത് പൊലീസ്
മുൻകൂട്ടി ആസൂത്രണം ചെയ്‌ത് വലിയ വടി ഉപയോഗിച്ച് ആറും ഏഴും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ചിട്ടും നിയമവഴി മാത്രമാണ് തങ്ങൾ തേടിയതെന്ന് കോളനി നിവാസികൾ പറഞ്ഞു. രണ്ടുതവണ ബൈപ്പാസ് സർജറിക്ക് വിധേയനായ ആറ് വയസുകാരനടക്കം മർദനമേറ്റിട്ടും കുട്ടികളെന്നോ ആദിവാസികളെന്നോ ഉള്ള ഒരു പരിഗണനയും തങ്ങൾക്ക് ലഭിച്ചില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.