ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം എലിപ്പനിക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ എ. അനിതാ കുമാരി അറിയിച്ചു. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണമുറപ്പാകുന്ന രോഗമാണ് എലിപ്പനി. എലി, കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നു.
ശുചീകരണത്തൊഴിലാളികള്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍, വെള്ളക്കെട്ടുകളിലും, ഓടകളിലുമിറങ്ങി ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍ പുല്ലുചെത്തുന്നവര്‍, ക്ഷീരകര്‍ഷകര്‍, കുളങ്ങളിലും വെള്ളക്കെട്ടുകളിലും മീന്‍പിടിക്കാന്‍ പോകുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം ചികിത്സ പാടില്ല, തലവേദയോടുകൂടിയ പനി, ശരീരവേദന കണ്ണിന് ചുമപ്പ്, മൂത്രത്തിന് മഞ്ഞ നിറം, മൂത്രത്തിന്‍റെ അളവ് കുറയുക, ചര്‍ദ്ദി തുടങ്ങിയവ എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
ലക്ഷണങ്ങള്‍ അവഗണിക്കരുത്. മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് ഒറ്റമൂലി ചികിത്സയ്ക്ക് പോകുന്നത് അപകടമാണ്. മലിനമായ വെള്ളത്തില്‍ ചവിട്ടിയാല്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ കളിക്കരുത്. തോട്, കുളം എന്നിവിടങ്ങളില്‍ ചൂണ്ടയിടാന്‍ കുട്ടികളെ അനുവദിക്കരുത്. മുഖം കഴുകുക, കുളിക്കുക തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ക്ക് വൃത്തിയുള്ള വെള്ളമുപയോഗിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. കാലുകളില്‍ മുറിവുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ജോലി സംബന്ധമായി മലിനജലവുമായി സമ്പര്‍ക്കത്തിലുള്ളവര്‍ റബര്‍ ബൂട്ടും കൈയ്യുറയും ധരിക്കണം. എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക (ഡോക്സിസൈക്ലിന്‍) സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുക. ജില്ലയില്‍ ഒക്ടോബര്‍ 17 ഡോക്സിദിനമാണ്. രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുകള്‍ അതാത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം അന്നേ ദിവസം പ്രതിരോധ ഗുളിക കഴിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.