ആലപ്പുഴ : കണിച്ചുകുളങ്ങരയിൽ നടക്കുന്ന സിപിഎം ജില്ല സമ്മേളനത്തിന് ഇന്ന് സമാപനമാകുമ്പോൾ ജില്ല കമ്മിറ്റിയിൽ വൻ അഴിച്ച് പണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. സജി ചെറിയാൻ നേതൃത്വം നൽകുന്ന പഴയ സുധാകരൻ ഗ്രൂപ്പും പി പി ചിത്തരഞ്ജൻ, സിബി ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിൽ പഴയ തോമസ് ഐസക്ക് ഗ്രൂപ്പും ജില്ലയിൽ സജീവമാണ്.
യുവ നിരയ്ക്ക് പ്രാതിനിധ്യം
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ജില്ല കമ്മിറ്റിയിൽ 20% പുതുമുഖങ്ങളാവും. മാരാരിക്കുളം ഏരിയ കമ്മിറ്റിയിൽ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന യുവജന കമ്മിഷൻ അംഗവുമായ അഡ്വ. ആർ രാഹുൽ, തകഴി ഏരിയ കമ്മിറ്റി അംഗവും കായംകുളം എംഎൽഎയുമായ അഡ്വ. യു പ്രതിഭ, മാവേലിക്കര ഏരിയ കമ്മിറ്റി അംഗം എംഎസ് അരുൺകുമാർ എംഎൽഎ എന്നിവർ ജില്ലാ കമ്മിറ്റിയിൽ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.
കായംകുളം ഏരിയ കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ അഡ്വ. ബിബിൻ സി ബാബു, മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. ആർ റിയാസ് എന്നിവരും കമ്മിറ്റിയിൽ ഉണ്ടാവും.
സജി ചെറിയാൻ പക്ഷക്കാരായ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്ററുമായ ജെയിംസ് ശാമുവേൽ, ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ നഗരസഭ കൗൺസിലർ എ ഷാനവാസ് എന്നിവരെയും ജില്ലാ കമ്മിറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.
ഏത് സാഹചര്യത്തിലാണെങ്കിലും മത്സരം അനുവദിക്കില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് ജില്ലാ കമ്മിറ്റി കൂടി പാനൽ തീരുമാനിക്കുക. ഇതിന് ശേഷമാണ് പാനൽ ഔദ്യോഗികമായി പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കുക.
ALSO READ: ഈ കുട്ടികളാണ് ഈ നാടിന് മാതൃക... ഇവിടെ മതമില്ല.. കാണണം ഈ ദൃശ്യങ്ങൾ