തിരുവനന്തപുരം: വാളുകൊണ്ട് വെട്ടിയ അക്രമിയെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ അരുണ്‍കുമാറിന് സംസ്ഥാന പൊലീസ് മേധാവിയുടെ ആദരം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പ്രശംസ പത്രം നല്‍കിയാണ് അരുൺ കുമാറിനെ ആദരിച്ചത്. 15 വര്‍ഷമായി പൊലീസില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍ ഇതെല്ലാം ജോലിയുടെ ഭാഗമാണെന്നാണ് പറയുന്നത്.
അക്രമമുണ്ടായാല്‍ ഇനിയും നേരിടും: ജനങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനം തുടരും. വിമര്‍ശനത്തിനൊപ്പം നല്ല പ്രവൃത്തികള്‍ അംഗീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അരുണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചാണ് അക്രമി എസ്‌ഐയെ ആക്രമിച്ചത്. പ്രതി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റെങ്കിലും അരുൺ കുമാർ സാഹസികമായി അക്രമിയെ കീഴപ്പെടുത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അരുണിനെ ഡിജിപി ആദരിച്ചത്.
2007 ല്‍ സിവില്‍ പൊലീസ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ച അരുണ്‍ കുമാര്‍ 12 വര്‍ഷം സിപിഒയായി പ്രവര്‍ത്തിച്ചു. 2019 ല്‍ എസ്.ഐ പരീക്ഷയില്‍ വിജയിയായി. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജ്ജെടുത്തത്.