ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ വീണ ടോറസ് ലോറി കരകയറ്റി. ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ടോറസ് ലോറി കര കയറ്റിയത്. ജനുവരി 28 വെള്ളിയാഴ്‌ച രാത്രി 8.45 ഓടെയാണ് ടോറസ് കായലിൽ വീണത്. ഡ്രൈവർ പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
മറ്റൊരു ടോറസുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബണ്ടിലെ കൈവരിയും തകർത്ത് ലോറി കായലിൽ പതിക്കുകയായിരുന്നു. ഇതിനിടെ ഒരു കാറിലും ടോറസ് ഇടിച്ചിരുന്നു. ഈ സമയം മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടിരുന്നു.
മുഹമ്മ, ചേർത്തല, പൂച്ചാക്കൽ പൊലീസും വൈക്കം, ചേർത്തല ഫയർഫോഴ്‌സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അന്നേ ദിവസം രാത്രി തന്നെ ലോറി ഉയർത്താൻ നടത്തിയ ശ്രമവും വിഫലമായിരുന്നു.
പടക്കപ്പൽ ഉയർത്തിയ കൃപ ക്രെയ്ൻ സർവ്വീസിൻ്റെ ക്രെയ്ൻ എത്തിച്ച് ഞായറാഴ്‌ച നാല് മണിയോടെയാണ് ലോറി കായലിൽ നിന്ന് ഉയർത്തി ജങ്കാറിൽ കയറ്റിയത്. അഞ്ച് മണിയോടെ ബണ്ടിൻ്റെ മധ്യഭാഗത്തുള്ള മണൽത്തിട്ടയിൽ ടോറസ് ലോറി കരകയറ്റി. ബണ്ടിലൂടെയുള്ള ഗതാഗതം കുറച്ച് നേരം തടസപ്പെട്ടിരുന്നു.