ആലപ്പുഴ: കയർ വ്യവസായം സൂര്യാസ്തമയ വ്യവസായമല്ല സൂര്യോദയ വ്യവസായമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്. സംസ്ഥാന കയർ വികസന വകുപ്പ് കയർ മേഖലയുടെ രണ്ടാം പുനഃസംഘടന ലക്ഷ്യമിട്ട് 'ഉദിച്ചുയർന്ന കയർ വ്യവസായം' എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം കയർ മേഖലക്കായി 400 കോടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20000 ടൺ കയറാണ് ഇക്കൊല്ലം ഉൽപാദിപ്പിക്കേണ്ടത്. കയർ പിരി സംഘങ്ങൾക്ക് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ പത്ത് വീതം വിന്യസിച്ച് നൽകുമെന്നും ജില്ലയിൽ നാല് യൂണിറ്റ് ഓട്ടോമാറ്റിക് റാറ്റ് മെഷീൻ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ പ്രതിരോധ മേഖല, ഖനി, റെയിൽവേ തുടങ്ങിയ മേഖലകളെ കൊണ്ട് കയര്‍ ഭൂവസ്ത്രം വാങ്ങിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലെന്നും ഇതിന്‍റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കയർ മന്ത്രിമാരെ ക്ഷണിച്ചിരിക്കുകയാണെന്നും ഏപ്രിലിൽ ഇവരുടെ യോഗം വിളിച്ച് ചേർക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
ചടങ്ങിൽ 620 ഓട്ടോമാറ്റിക് ലൂമുകൾ 61 സംഘങ്ങൾക്കായും 91 വില്ലോയിങ് മെഷീനുകൾ എന്നിവയും വിതരണം ചെയ്തു. കോറിഡോർ മാറ്റ്, റോപ്പ്മാറ്റ് എന്നിവ നിർമിക്കുന്നതിനുള്ള പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.