ആലപ്പുഴ: 20 വർഷം തുടർച്ചയായി ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് നിലവിലെ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്കാണ്. പഴയ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് രണ്ടുതവണ തുടർച്ചയായി വിജയിച്ച് മണ്ഡല പുനർനിർണയത്തോടെ ആലപ്പുഴ മണ്ഡലത്തിന്‍റെ ജനപ്രതിനിയായി ഐസക്ക് മാറി. ആലപ്പുഴ മണ്ഡലത്തെ 2011ലും 2016ലും പ്രതിനിധീകരിച്ച ഐസക്ക് ഈ രണ്ടു തവണയും ധനമന്ത്രികുപ്പായവുമിട്ടു.
ആലപ്പുഴയിൽ ഇത്തവണ മത്സരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ പി.പി ചിത്തരഞ്ജനാണ്. നിലവിൽ മത്സ്യഫെഡ് ചെയർമാനായി ചുമതല വഹിക്കുന്ന ചിത്തരഞ്ജനെയാണ് മണ്ഡലം നിലനിർത്താൻ പാർട്ടി നിയോഗിച്ചിട്ടുള്ളത്. ഐസക്ക് മത്സരിച്ച രണ്ടു തവണയും എൽഡിഎഫ് മണ്ഡലം സെക്രട്ടറിയായി കൂടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചിത്തരഞ്ജൻ ജയിക്കേണ്ടത് തോമസ് ഐസക്കിന്‍റെ കൂടി ആവശ്യമാണ്.
ആലപ്പുഴയിലെ എംഎൽഎ എന്ന നിലയിൽ ഐസക്ക് തന്നെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇരുപതുവർഷം കൊണ്ട് ഐസക്ക് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളും ഉയർത്തിയാണ് എൽഡിഎഫ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എതിർ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ റോഡ് ഷോയും ഭവന സന്ദർശനവുമായി ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ തന്‍റെ ആദ്യ റൗണ്ട് പര്യടനം പൂർത്തിയാക്കുവാനുള്ള തിരക്കിലാണ്.