ആലപ്പുഴ: പുന്നപ്ര കുറവൻതോടിന് സമീപം യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറവൻതോട് സ്വദേശി വെമ്പാലമുക്കിൽ ഷാലിമാർ ഹൗസിൽ ഷംസാദ് (32)നെയാണ് വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം എടപ്പാൾ ചങ്ങരംകുളം സ്വദേശിയാണ് ഇദ്ദേഹം.
സുഹൃത്തുക്കളുമായി ഇന്നലെ കാറിലിരുന്നു മദ്യപിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. ഇത് സുഹൃത്തുക്കൾ തന്നെയാണ് ഭാര്യ അറിയിച്ചത്. തുടർന്ന് ഭാര്യ എത്തിനോക്കിയപ്പോൾ അബോധാവസ്ഥയിൽ സംസാരിക്കുന്ന ഷംനാദിനെ കാണുകയും മദ്യലഹരിയിലായത് കൊണ്ട് തിരികെ പോവുകയുമാണുണ്ടായത്. എന്നാൽ ഏറെയായിട്ടും ഷംസാദ് കാറിനുള്ളിൽ നിന്നും ഇറങ്ങാതിരുന്നതിനെ തുടർന്ന് ഭാര്യ സഫീറത്ത് വീണ്ടും കാറിനരികിലെത്തി ഡോർ തുറന്നുനോക്കിയപ്പോഴാണ് ഷംനാദിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. സമീപവാസികളുടെ സഹായത്തോടെ ഷംനാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷംനാദിനൊപ്പം മദ്യപിച്ച സുഹൃത്തുക്കളെ വിളിച്ചു മൊഴിയെടുത്തിട്ടുണ്ടെന്നും പോസ്‌റ്റ് മോര്‍ട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകാൻ കഴിയുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.