ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ആരോപണ വിധേയനായ യൂണിയൻ മുൻ പ്രസിഡന്‍റ് സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചുനടന്ന ചോദ്യം ചെയ്യൽ നാലു മണിക്കൂർ നീണ്ടു. ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.
ഒരു വെള്ളിനാണയത്തിന്‍റെ പോലും തട്ടിപ്പ് താൻ നടത്തിയിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം സുഭാഷ് വാസു പ്രതികരിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ തെളിവുകൾ തന്‍റെ പക്കലുണ്ട്. ഉടന്‍ പത്രസമ്മേളനം വിളിച്ചുചേർത്ത് മാധ്യമങ്ങൾക്ക് നൽകുമെന്നും സുഭാഷ് വാസു പറഞ്ഞു. കേസിൽ കുറ്റക്കാർ ആരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പല തവണ നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. യൂണിയനിലെ പത്തുവർഷത്തെ സാമ്പത്തിക തിരിമറികൾ ആണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. മാവേലിക്കര യൂണിയൻ പ്രസിഡന്‍റ് ആയിരിക്കെ പത്ത് വര്‍ഷത്തെ മൈക്രോഫിനാൻസ് ഇടപാടുകളിലെ വെട്ടിപ്പ് സംബന്ധിച്ചാണ് നിലവിലെ അന്വേഷണം.