ആലപ്പുഴ: ഒരു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം ദിനം വന്നെത്തിയപ്പോൾ മഴയും വെള്ളപ്പൊക്കവും. വിവാഹ വേദിക്കും ചുറ്റം അരപ്പൊക്കത്തില്‍ വെള്ളം. പക്ഷേ ആകാശും ഐശ്വര്യയും പിൻമാറിയില്ല.
ആലപ്പുഴ തലവടി പനയന്നൂർകാവ് ദേവി ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും താലികെട്ട് നിശ്ചയിച്ചിരുന്നത്. എന്നാൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും വില്ലനായതോടെ പ്രദേശത്ത് അരക്കൊപ്പം വെള്ളമാണ് പൊങ്ങിയത്.
ഇതേ തുടർന്നാണ് ഇരുവരുടെയും ബന്ധുക്കൾ ചേർന്ന് വധൂവരന്മാരെ പാചക ചെമ്പിൽ കയറ്റി വിവാഹവേദിയിലേക്ക് എത്തിച്ചത്. അര കിലോമീറ്ററോളമാണ് ഇരുവരും ചെമ്പിൽ യാത്ര ചെയ്‌തത്. മുഹൂർത്തം തെറ്റിക്കാതെ തന്നെ വിവാഹം നടത്താനാണ് ഇത്തരത്തിലൊരു രീതി സ്വീകരിച്ചതെന്ന് വരന്‍റെ അമ്മ ഓമന പറഞ്ഞു.
വിവാഹം പെട്ടന്ന് തീരുമാനിച്ചത് കൊണ്ടും കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും അടുത്ത ബന്ധുക്കളെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. എന്നാൽ വിവാഹവേദിയായ ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലായതോടെയാണ് ബന്ധുക്കൾ വ്യത്യസ്‌ത തീരുമാനത്തിലെത്തിയത്.
ചെമ്പിൽ കയറി മണ്ഡപത്തിലേക്ക്; മുട്ടോളം വെള്ളത്തില്‍ വിവാഹം
വെള്ളം പൊങ്ങിയ സാഹചര്യത്തിൽ ഇരുവരുടെയും കുടുംബങ്ങൾ മറ്റ് ആഘോഷങ്ങൾ ഒഴിവാക്കി താലികെട്ടും വിവാഹ ചടങ്ങും മാത്രമായി നടത്തുകയായിരുന്നു. താലികെട്ട് നടത്തിയ ഓഡിറ്റോറിയത്തിലും മുട്ടോളം വെള്ളം പൊങ്ങിയിട്ടുണ്ടായിരുന്നു.
എന്നാൽ സ്റ്റേജിൽ വെള്ളം കയറിയിരുന്നില്ല. ഇതിനാലാണ് ക്ഷേത്രത്തിൽ വെച്ച് തന്നെ താലികെട്ട് നടത്തിയത്. വെള്ളവും വെള്ളപ്പൊക്കവും വില്ലനായപ്പോഴും പ്രതിസന്ധികൾക്കൊടുവിൽ പ്രണയസാഫല്യത്തിലേക്ക് എത്തിയതിന്‍റെ സന്തോഷത്തിലാണ് വധൂവരന്മാർ. തിരിച്ച് വീട്ടിലേക്ക് മടങ്ങിയതും ചെമ്പില്‍ തന്നെ.
ALSO READ; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ തീരുമാനം