ആലപ്പുഴ : നല്ല ഷൂട്ടർമാരെ സൃഷ്ടിക്കാൻ കർശനമായ അച്ചടക്കവും മികച്ച പരിശീലനവും അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ. ജില്ലയിലെ പൊലീസ് ഓഫീസർമാർക്കായി ഒരുക്കിയ ഷൂട്ടിങ് പരിശീലനം ചേർത്തല റൈഫിൾ ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന കേന്ദ്രങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുതുതായി ആരംഭിച്ച ചേർത്തലയിലെ റൈഫിൾ ക്ലബ്ബിന് നിലവാരമുള്ള റേഞ്ച് ഉണ്ടെന്നാണ് മനസിലാക്കുന്നത്. ആലപ്പുഴയുമായി തനിക്ക് വൈകാരികമായ ബന്ധമുണ്ട്. തന്‍റെ പൊലീസ് ജീവിതത്തിലെ ആദ്യ പോസ്റ്റിങ് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ആയിരുന്നുവെന്നും ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
ജില്ലാ റൈഫിള്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് . ജില്ലയിലെ പൊലീസ് സേനയ്ക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് കാമ്പസിലെ റൈഫിള്‍സ് ക്ലബിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ചിലായിരുന്നു മത്സരം. ജില്ലയിലെ സേനയില്‍ നിന്നുള്ള 200ലധികം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. ഓഫീസര്‍മാര്‍, വനിതകള്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. 22 റൈഫിള്‍, 10മീറ്റര്‍ എയര്‍ റൈഫിള്‍, 9എം.എം പിസ്റ്റള്‍ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. മന്ത്രി പി.തിലോത്തമന്‍, ദക്ഷിണമേഖല ഐ.ജി കാളീരാജ, ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്‌പി വിവേക് കുമാർ, റൈഫിൾസ് ക്ലബ്ബ് സെക്രട്ടറി കിരൺ മാർഷൽ, വൈസ് പ്രസിഡന്റ് എ.സി. ശാന്തകുമാർ തുടങ്ങിയവർ പങ്കെടുത്തു.