ആലപ്പുഴ: മൂന്ന് ദിവസമായി തുടരുന്ന മഴയും ശക്തമായ കാറ്റും ആലപ്പുഴയുടെ തീരദേശത്തെ ദുരിതത്തിലാക്കി. കൂറ്റൻ തിരമാലയിൽ അഞ്ച് വീടുകൾ പൂർണമായും കടലെടുത്തു. ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി. ഉറങ്ങിക്കിടക്കുമ്പോൾ തങ്ങളേയും കടലെടുക്കുമോ എന്ന ആശങ്കയിലാണ് തീരദേശവാസികൾ.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, പുറക്കാട് തീരദേശ മേഖലകളിൽ പടുകൂറ്റൻ തിരമാലയാണ് കഴിഞ്ഞ രണ്ടു ദിവസമായി അടിച്ചുകയറിയത്. കൂറ്റന്‍ തിരമാലകള്‍ അടിച്ച് റോഡില്‍ മണ്ണ് കയറിയതോടെ തീരദേശത്തെ ചിലയിടങ്ങളിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നീർകുന്നം, പുറക്കാട്, തോട്ടപ്പള്ളി ഭാഗങ്ങളിൽ അതിശക്തമായ തിരയാണ് തീരത്തേക്ക് അടിച്ചുകയറിയത്.
പ്രദേശത്ത് പുലിമുട്ടോട് കൂടിയ കടൽഭിത്തിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ടെട്രാപോഡുകളുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമ്മാണമെന്ന ഏറെ നാളത്തെ ആവശ്യം കടലാസിലൊതുങ്ങിയതിൻ്റെ ദുരിതമാണ് ഈ അനുഭവിക്കുന്നതെന്ന് തീരവാസികള്‍ ആരോപിച്ചു.
അതേസമയം കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതോടെ ജില്ലയിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടർ നിർദേശം നൽകിയിട്ടുണ്ട്.