ആലപ്പുഴ: കർഷക തൊഴിലാളികൾക്ക് ക്ഷേമനിധി വഴി വിതരണം ചെയ്യുന്ന കൊവിഡ് ധനസഹായത്തിന്‍റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.റ്റി.എഫ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ധര്‍ണ ഉദ്‌ഘാടനം ചെയ്തു.
പാവപ്പെട്ട കർഷകർക്കും തൊഴിൽ നഷ്ടപ്പെട്ട് ഉപജീവന മാർഗം പോലും ഇല്ലാതെ കഴിയുന്നവർക്കും സംസ്ഥാന സർക്കാർ നൽകുന്ന സഹായങ്ങൾ പരിമിതമാണെന്ന് അദ്ദേഹം ആരോപിച്ചു. കോർപറേറ്റുകൾക്ക് കുടപിടിക്കുന്നതിന് വേണ്ടി നികുതി കുറക്കുന്ന സർക്കാരിനെയാണ് ഇപ്പോൾ കാണുന്നത്. അതിനെതിരെയാണ് ഈ സമരം നടത്തുന്നതെന്നും എ.എ ഷുക്കൂർ കൂട്ടിചേർത്തു.
ആറുമാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കണം, കുടിശിക എത്രയും വേഗം വിതരണം ചെയ്യണം, ആനുകൂല്യങ്ങൾ വർധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കണം, ധനസഹായം 5000 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്‍റ് ശോഭാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.