ആലപ്പുഴ: കെ-റെയിൽ പദ്ധതിക്കെതിരെ ആലപ്പുഴ നൂറനാട്ടിൽ പ്രതിഷേധം. നൂറനാട് പടനിലത്താണ് കെ–റെയിൽ ഉദ്യോഗസ്ഥർ പദ്ധതിപ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞതിനെത്തുടർന്ന് സർവേ തുടരാൻ ഉദ്യോഗസ്ഥസംഘം പൊലീസ് സഹായം തേടി. തുടർന്ന് പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
നൂറനാട് പടനിലം ഏലിയാസ് നഗർ, കിടങ്ങയം, കരിങ്ങാലി, പുഞ്ച പ്രദേശങ്ങളിലാണ് റവന്യു ഉദ്യോഗസ്ഥരും കെ റെയിൽ കമ്പനി പ്രതിനിധികളും പരിശോധനയ്ക്ക് എത്തിയത്. ഓണാട്ടുകര പ്രദേശത്തെ ഏറ്റവും വലിയ വയലുകളിൽ ഒന്നായ കരിങ്ങാലി പുഞ്ചയിലൂടെ ആണ് കെ- റെയിൽ കടന്നുപോകുന്നത്.
കെ-റെയിൽ വേണ്ടെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ പൊലീസുകാർ ബലം പ്രയോഗിച്ച് വാഹനങ്ങൾക്ക് മുൻപിൽ നിന്ന് നീക്കി. ഉദ്യോഗസ്ഥരെ തടഞ്ഞെന്നാരോപിച്ച് സ്ത്രീകളെ അടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധിച്ച നാട്ടുകാരിൽ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ അമ്പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നിരുന്നു. നാട്ടുകാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപിയും പ്രദേശത്ത് പ്രത്യക്ഷ സമരരംഗത്തുണ്ട്.
കെ-റെയിൽ വരുന്നതോടെ പടം നിലം പരിസരത്തെ ഏഴോളം കരകൾ ഒറ്റപ്പെട്ടുപോകും എന്നാണ് നാട്ടുകാരുടെ ആശങ്ക. പുഞ്ചയിൽ കൃഷി നടക്കില്ലെന്നും ക്ഷേത്രത്തിലേക്കുള്ള കരക്കാരുടെ കെട്ടുകാഴ്ചകളും മുടങ്ങുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.