ആലപ്പുഴ: സംസ്ഥാനത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുമ്പോഴേക്കും കൊവിഡ് 19 ന്‍റെ വ്യാപനം തടയാനുള്ള മുഴുവൻ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്. ആലപ്പുഴ കലക്ടറേറ്റില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുമ്പോൾ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും ഇത് സമൂഹത്തിലെ രോഗബാധ സാധ്യത കൂടുതലുള്ള വിഭാഗത്തിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
സമൂഹം ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. ഇതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന അവ്യക്തത ജനങ്ങളിൽ ഉണ്ടാവും. ഇതിനും പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവജനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കാൻ മുന്നോട്ടുവരികയും, രോഗബാധ സാധ്യത കൂടുതലുള്ള വയോജനങ്ങൾ, രോഗങ്ങളുള്ളവർ തുടങ്ങിയവർ പരിപൂർണമായി വീട്ടിൽ കഴിയുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുപോകുന്ന യുവജനങ്ങൾ വീടുകളിൽ താമസിക്കുന്ന വയോജനങ്ങളുമായുള്ള ഇടപെടൽ കഴിയുന്നത്ര കുറക്കണമെന്നും കൊറോണ പ്രതിരോധത്തിന്‍റെ പുതിയ ഘട്ടത്തിൽ കേരളത്തിന്‍റെ എക്‌സിറ്റ് സ്ട്രാറ്റജി ഇതാണെന്നും മന്ത്രി പറഞ്ഞു. പ്രതിമാസം 10000 കോടി വരുമാനം ഉള്ളിടത്ത് 8000 കോടിയുടെ കുറവാണ് ഈ മാസം ഉണ്ടായിട്ടുള്ളതെന്നും ഇത് സാമ്പത്തികമായി വലിയ ഞെരുക്കം ഉണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.