ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശ്നബാധിത മേഖലകളെ ഉൾപ്പെടുത്തി നിർണയിച്ച ഹോട്ട്‌സ്പോട്ട് പട്ടികയിലെ അപാകതകൾ പരിഹരിച്ചു. തെറ്റായി നിർണയിച്ച ജില്ലയിലെ ഹോട്ട്‌സ്പോട്ടുകളുടെ പട്ടികയാണ് തിരുത്തി ഉത്തരവായത്. തണ്ണീർമുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളാണ് പുതിയ ഉത്തരവിൽ ഹോട്ട്‌സ്പോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.
ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്ത്, ചെങ്ങന്നൂർ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവയായിരുന്നു ആദ്യം നിർണയിച്ച ഹോട്ട്‌സ്‌പോട്ടുകള്‍. എന്നാൽ രോഗം റിപ്പോർട്ട് ചെയ്‌ത മുളക്കുഴ പഞ്ചായത്തിനെ ഒഴിവാക്കുകയും കേസ് റിപ്പോർട്ട് ചെയ്യാത്ത ചെങ്ങന്നൂർ നഗരസഭയെ ഹോട്ട്‌സ്പോട്ടായി തിരഞ്ഞെടുക്കുകയും ചെയ്തതിനെത്തുടർന്ന് പട്ടികയില്‍ അപാകതകൾ ഉള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപുറമേ തണ്ണീർമുക്കം പഞ്ചായത്തിലാണ് മറ്റൊരു കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ കൊവിഡ് കെയർ സെന്‍ററിന്‍റെ പേര് പഞ്ചായത്തിന്‍റെ പേരായി വന്നതിനാല്‍ മുഹമ്മ ഹോട്ട്‌സ്പോട്ട് പട്ടികയിൽ ഇടംപിടിച്ചു. പട്ടികയെ സംബന്ധിച്ച് വിവിധ ഇടങ്ങളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് തിരുത്താൻ സർക്കാർ തയ്യാറായത്.