ആലപ്പുഴ/കൊല്ലം: പ്രായമെന്നത് വെറും അക്കമാണെന്ന് തെളിയിച്ച് രണ്ട് അമ്മമാര്‍. നൂറ്റി അഞ്ച് വയസുകാരിയായ കൊല്ലം പ്രാക്കുളം സ്വദേശി ഭഗീരഥി അമ്മയും, തൊണ്ണൂറ്റിയെട്ട് വയസുള്ള ആലപ്പുഴ സ്വദേശി കാര്‍ത്യായനിയമ്മയും.
മൂന്നാം ക്ലാസ് തുല്യതാ പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ച കാർത്യായനിയമ്മയും, നാലാം തരം പരീക്ഷയിൽ 75 ശതമാനം മാർക്കോടെ പാസായ ഭഗീരഥി അമ്മയും ദേശീയ പുരസ്‌കാരത്തിന്‍റെ തിളക്കത്തിലാണ്. കേന്ദ്ര സർക്കാരിന്‍റെ നാരി ശക്തി പുരസ്‌ക്കാരത്തിനാണ് ഇരുവരും അര്‍ഹരായിരിക്കുന്നത്. ശാരീരിക അവശതകളെ തുടർന്ന് ഭഗീരഥിയമ്മ പുരസ്‌കാരം വാങ്ങാന്‍ രാജ്യതലസ്ഥാനത്തേക്കില്ല. എന്നാല്‍ തൊണ്ണൂറ്റിയെട്ടാം വയസില്‍ ആദ്യ വിമാന യാത്രക്ക് ഒരുങ്ങുകയാണ് കാർത്യായനിയമ്മ. ഈ പ്രായത്തിൽ പരീക്ഷ ജയിക്കാമെങ്കിൽ വിമാനയാത്രക്ക് എന്ത് പ്രയാസമെന്നാണഅ കാർത്യായനിയമ്മയുടെ ചോദ്യം. ശനിയാഴ്‌ച തിരുവനന്തപുരത്തുനിന്നുമാണ് വിമാനം.
ഊണും ഉറക്കവും മാറ്റിവച്ചുള്ള പഠനമാണ് കാര്‍ത്യായനിയമ്മയ്‌ക്ക് ഒന്നാം റാങ്ക് സമ്മാനിച്ചത്. പരീക്ഷാ കാലത്ത് 3 മണിക്കും 4 മണിക്കുമെല്ലാം ഉണർന്നിരുന്ന് പഠിച്ചു. അവാര്‍ഡ് കിട്ടിയെങ്കിലും പഠന നിർത്തിയില്ല. ഇപ്പോള്‍ കമ്പ്യൂട്ടറും പഠിക്കുന്നുണ്ട് കാര്‍ത്യായനിയമ്മ. പത്താം ക്ലാസ് പാസാകണമെന്നാണ് അമ്മയുടെ ആഗ്രഹം. ആ നേട്ടത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയെന്ന നിലയില്‍ നാലാം ക്ലാസ് തുല്യത പരീക്ഷയിലേക്കുള്ള ഒരുക്കത്തിലാണ് കാര്‍ത്യായനിയമ്മ.