ആലപ്പുഴ : ഒരു ദിവസം എട്ട് മണിക്കൂറോളമെടുത്ത് 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കെ പുഷ്‌പലതയെ അഭിനന്ദിക്കാൻ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി.
ആശുപത്രി സന്ദര്‍ശിച്ച്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്‌പലതയെ മന്ത്രി പൊന്നാട അണിയിച്ചു. ആരുമറിയാതെ കഷ്‌ടപ്പെടുന്ന പുഷ്‌പലതയെ പോലെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് വകുപ്പിലുള്ളതെന്നും അവർ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധികളെ മറികടന്ന് ഇവരാണ് നമ്മുടെ ആരോഗ്യ സംവിധാനത്തെ മുന്നോട്ടുനയിക്കുന്നത്. അവർക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Read more: നദി മുറിച്ച് കടന്നും വനത്തിലൂടെ നടന്നും വാക്സിൻ നൽകി ആരോഗ്യപ്രവർത്തകർ
ഏറെ കഷ്‌ടപ്പാടുകൾക്കൊടുവിലാണ് തനിക്കീ ജോലി ലഭിച്ചതെന്ന് പുഷ്‌പലത മന്ത്രിയോട് പറഞ്ഞു. ഗായിക കൂടിയായ താന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്.
ജില്ല ആശുപത്രിയിലെ ജോലിയോടൊപ്പം തന്നെ വാര്‍ഡ് തല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നുണ്ട്. ജോലി കിട്ടാന്‍ മാത്രമല്ല അത് ചെയ്യാനും മനസുണ്ടാകണമെന്നും കൂട്ടായ പരിശ്രമമാണ് തന്‍റെ പിന്‍ബലമെന്നും പുഷ്‌പലത പറഞ്ഞു.
പുഷ്‌പലതയുടെ വാക്‌സിനേഷൻ ടീമിലുള്ള എൽഎച്ച്ഐ വി.ആർ വത്സല, ജെഎച്ച്ഐമാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.