രാജ്യത്തിന്‍റെ 74-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യാതിഥിയായി. പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി. കൊവിഡ് ഉയര്‍ത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ജനകീയ കൂട്ടായ്മയിലൂടെ നേരിടുമെന്ന് തോമസ് ഐസക് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും ജീവിത മാര്‍ഗങ്ങള്‍ക്കും എതിരായ വെല്ലുവിളിയെ അതിജീവിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍, ജില്ല പൊലീസ് മേധാവി പി.എസ് സാബു എന്നിവര്‍ ചടങ്ങിനെത്തി. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
ഇടുക്കിയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി നേതൃത്വം നല്‍കി. കുയിലിമലയിലെ പൊലീസ് സായുധസേനാ ക്യാമ്പില്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തി. ഈ വേളയില്‍ ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കുവാനും കൊവിഡിനെതിരെ പോരാടുവാനും ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍, ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലളിതമായ ചടങ്ങുകളോടെയാണ് എറണാകുളത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ജില്ലാ കലക്ടർ എസ്.സുഹാസ് ദേശീയ പതാക ഉയർത്തി. എം.എൽ.എമാരായ പി. ടി. തോമസ്, എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ, അസിസ്റ്റന്‍റ് കലക്ടർ രാഹുൽ കൃഷ്ണ ശർമ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.