ആലപ്പുഴ/ഇടുക്കി: മരിയാപുരം പഞ്ചായത്തിന് ശുചിത്വ പദവി പുരസ്‌കാരം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി മുക്കാട്ട് കൈമാറി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പുരസ്‌കാരം കരസ്ഥമാക്കിയത് മരിയാപുരം പഞ്ചായത്ത് മാത്രമാണെന്ന് ജിജി മുക്കാട്ട് പറഞ്ഞു. മരിയാപുരം പഞ്ചായത്തിൽ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോളി ജോസ് അധ്യക്ഷത വഹിച്ചു.
ഖരമാലിന്യ സംസ്ക്കരണത്തിൽ ചേർത്തല നഗരസഭയ്ക്കും ശുചിത്വ പദവി ലഭിച്ചു. ചേർത്തല നഗരസഭ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ വി.ടി.ജോസഫ് അധ്യക്ഷനായി. പ്രശസ്‌ത ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയിൽ നിന്ന് പ്രശസ്‌തിപത്രവും, ഫലകവും ചെയർമാൻ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ സി.കെ.ഉണ്ണികൃഷ്ണൻ, മുൻ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ബി.ഫൈസൽ, ബീനാമ്മ, സെക്രട്ടറി എൻ.കെ.കൃഷ്ണകുമാർ, ശുചിത്വ കേരളം, ഹരിത മിഷൻ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ഖരമാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച 580 തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളുമാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്ക്കരിച്ച നടപടിക്രമങ്ങളിലൂടെയാണ് മാലിന്യസംസ്കരണത്തിന് മികവ് തെളിയിച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശുചിത്ത പദ്ധതിക്കായി തെരഞ്ഞെടുത്തത്.
ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, ജൈവമാലിന്യം സംസ്കരണത്തിന് ആവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കർമ്മ സേനയുടെ സേവനവും, സുരക്ഷിതത്വം മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഒരുക്കുക, പൊതുസ്ഥലങ്ങൾ മാലിന്യ മുക്തമാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദ്ധതി നിർണയം നടത്തിയത്.