ഇടതിനോടും വലതിനോടും പ്രത്യേക ആഭിമുഖ്യമില്ലാത്ത മണ്ഡലം. തുടര്‍ച്ചയായ രണ്ടാം തവണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് വിഐപി മണ്ഡലമാണ് ഹരിപ്പാട്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ ആര്‍ സജിലാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വിമതനായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് നിയാസ് ഭാരതിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് തലവേദനയാകും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനീതി ആരോപിച്ചാണ് കെപിസിസി എക്സിക്യൂട്ടിവ് അംഗം തന്നെ പ്രതിപക്ഷ നേതാവിനെതിരെ മത്സരത്തിനിറങ്ങുന്നത്. ബിജെപി ദക്ഷിണ മേഖല അധ്യക്ഷന്‍ കെ സോമനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
മണ്ഡല ചരിത്രം
ഹരിപ്പാട് നഗരസഭയും ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഹരിപ്പാട് നിയമസഭ മണ്ഡലം. ആകെ 1,96,024 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 92,083 പേര്‍ പുരുഷന്മാരും 1,03,938 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.
മണ്ഡല രാഷ്ട്രീയം
ഒമ്പത് തവണ കോണ്‍ഗ്രസിനേയും അഞ്ച് തവണ എല്‍ഡിഎഫിനേയും തുണച്ച മനസാണ് ഹരിപ്പാടിന്‍റേത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ വി രാമകൃഷ്ണപിള്ളക്കായിരുന്നു ജയം. കോണ്‍ഗ്രസിന്‍റെ കെ ബാലഗംഗാധരനെ തോല്‍പ്പിച്ചാണ് രാമകൃഷ്ണപിള്ള എംഎല്‍എയായത്. 1960ല്‍ സിറ്റിങ് എംഎല്‍എയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആദ്യ ജയം സ്വന്തമാക്കി. 1965ല്‍ കെ.പി രാമകൃഷ്ണനിലൂടെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. സി.ബി.സി വാര്യരിലൂടെ സിപിഎം മണ്ഡലം പിടിച്ചു. സിറ്റിങ് എംഎല്‍എയെ തോല്‍പ്പിച്ചാണ് സിപിഎം എംഎല്‍എ നിയമസഭയിലെത്തിയത്. 1970ലും സി.ബി.സി വാര്യരിലൂടെ ഇടതുപക്ഷം വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1977ല്‍ ഹാട്രിക് ജയം തേടിയിറങ്ങിയ സിബിസി വാര്യരിന് പിഴച്ചു. ഇത്തവണ കോണ്‍ഗ്രസിന്‍റെ ജി.പി മങ്ങലത്ത് മഠം സീറ്റ് തിരിച്ചുപിടിച്ചു.
1980ല്‍ വീണ്ടും മത്സരരംഗത്തെത്തിയ സിബിസി വാര്യര്‍ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിച്ചു. 1982ല്‍ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം കെഎസ്‌യു നേതാവായ രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസ് പരീക്ഷണത്തിനൊരുങ്ങി. കന്നിയങ്കത്തില്‍ തന്നെ സിപിഎമ്മിന്‍റെ പി.ജി തമ്പിയെ 4,577 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ചെന്നിത്തല തോല്‍പ്പിച്ചു. 1986ല്‍ തന്‍റെ 29-ാം വയസില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ചെന്നിത്തല മാറി. 1987ലും രമേശ് ചെന്നിത്തല ജയം തുടര്‍ന്നു. ആര്‍.എസ്.പി സ്ഥാനാര്‍ഥി എ.വി താമരാക്ഷനായിരുന്നു എതിരാളി. 3817 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ ജയം. എന്നാല്‍ 1989ല്‍ കോട്ടയത്ത് നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചതോടെ ചെന്നിത്തല എംഎല്‍എ സ്ഥാനം രാജിവെച്ചു.
1991ല്‍ കെകെ ശ്രീനിവാസനിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. രണ്ട് തവണത്തെ തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആര്‍എസ്‌പിയുടെ എ.വി താമരാക്ഷന്‍ അട്ടിമറി ജയം നേടുന്നതാണ് 1996ലെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇടത് സ്ഥാനാര്‍ഥി ഹരിപ്പാടിന്‍റെ പ്രതിനിധിയായത്. 2001ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌പി യുഡിഎഫിനൊപ്പം ചേര്‍ന്നു. സിറ്റിങ് എംഎല്‍എ എ.വി താമരാക്ഷനെതിരെ സിപിഎമ്മിന്‍റെ ടി.കെ ദേവകുമാര്‍ ജയം നേടി. 2006ല്‍ വീണ്ടും കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ അഡ്വ ബി ബാബുപ്രസാദ് വെറും 1,886 വോട്ടുകള്‍ക്കാണ് സിറ്റിങ് എംഎല്‍എയെ തോല്‍പ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് 2011
തുടര്‍ച്ചയായ ഒമ്പത് വര്‍ഷം കെപിസിസി അധ്യക്ഷനായ രമേശ് ചെന്നിത്തല വീണ്ടും ഹരിപ്പാട് മത്സരിക്കാനെത്തി. സിപിഐയുടെ ജി കൃഷ്ണപ്രസാദിനെതിരെ 5,520 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചെന്നിത്തല ജയിച്ചു. 50.03% വോട്ട് നേടിയാണ് ചെന്നിത്തല നിയമസഭയിലെത്തിയത്. 2014ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി ചെന്നിത്തല ചുമതലയേറ്റു.
നിയമസഭ തെരഞ്ഞെടുപ്പ് 2016
സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗമുണ്ടായ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ തുണച്ചത്. സിപിഐയുടെ പി പ്രസാദിനെതിരെ 18,621 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ രമേശ് ചെന്നിത്തല ജയിച്ചു. 51.05% വോട്ട് യുഡിഎഫ് നേടിയപ്പോള്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 7.39% വോട്ട് എല്‍ഡിഎഫിന് കുറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി ഡി അശ്വനി ദേവ് 8.72% വോട്ട് നേടി. ജില്ലയില്‍ ഏറ്റവും കുറഞ്ഞ വോട്ട് നേടിയ എന്‍ഡിഎ സ്ഥാനാര്‍ഥി അശ്വനി ദേവാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
ഹരിപ്പാട് നഗരസഭയും ആറാട്ടുപുഴ, ചെറുതന, ചിങ്ങോലി, കുമാരപുരം, മുതുകുളം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളും യുഡിഎഫ് നേടി. കാര്‍ത്തികപ്പള്ളി, ചേപ്പാട്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.