ആലപ്പുഴ: റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൽ ചില കരാറുകാർ വീഴ്ച വരുത്തുന്നതായും അതിനാൽ പല റോഡുകളും പണി പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പാതിവഴിയിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. പുന്നപ്ര ചന്ത പഴയ നടക്കാവ് റോഡ് ഉദ്ഘടനം ചെയ്യുകയായിരുന്നു മന്ത്രി.
ആകെ 17 കിലോമീറ്ററുള്ള പഴയ നടക്കാവ് റോഡ് രണ്ടര വർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല. കരാറുകാരന്‍ വീഴ്‌ച വരുത്തിയതാണ് ഈ റോഡ് പണി നീണ്ടുപോകാനുള്ള കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 12 കോടി രൂപ മുടക്കിൽ ഏഴ് റോഡുകളാണ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി 40 ലക്ഷം രൂപ മുടക്കിൽ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് ആധുനിക രീതിയിലുള്ള റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.