ആലപ്പുഴ : അഴീക്കലിൽ നാല് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ വള്ളം മറിഞ്ഞത് കടലിലുണ്ടായ ചുഴി മൂലമെന്ന് പ്രാഥമിക നിഗമനം. ഫിഷറീസ് വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിലാണ് ഇത്തരത്തില്‍ വിവരം. അപകട സമയം 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
കരയിൽ നിന്ന് അധിക ദൂരത്തിലല്ലാതെ കടലിൽ രൂപപ്പെട്ട ചുഴിയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിക്കേറ്റവരിൽ നിന്ന് ലഭ്യമായ സൂചനയിൽ നിന്നാണ് ഈ നിഗമനത്തിലേക്ക് ഫിഷറീസ് വകുപ്പ് എത്തിയത്. അപകടം നടന്നയുടൻ മറ്റ് മത്സ്യബന്ധന വള്ളങ്ങളിലും യാനങ്ങളിലുമായി മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും എത്തിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
READ MORE: അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം; നാല് മരണം
പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഓച്ചിറ പരബ്രഹ്മയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ മാത്രമേ അപകടത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.
അഴീക്കൽ, ആലപ്പുഴ സ്വദേശികളായ സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. വലിയഴീക്കലിൽ നിന്നുള്ള ഓംകാരം എന്ന വള്ളം അഴീക്കൽ പൊഴിക്ക് സമീപംവച്ചാണ് അപകടത്തിൽപ്പെട്ടത്.