ആലപ്പുഴ : കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍. മംഗലം മാളികമുക്കില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണക്കിറ്റുകളുടെ വിതരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് മണ്ണെണ്ണയുടെ ഉത്പാദനവും കേരളത്തിന് ലഭിക്കുന്ന വിഹിതവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാരുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അധികമായി മണ്ണെണ്ണ അനുവദിക്കുന്നത്. റാഗി അനുവദിക്കുന്നതും പരിഗണിക്കാമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യോത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കേരളം മാതൃകയാണ്. മറ്റൊരു സംസ്ഥാനത്തും വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള സംവിധാനമില്ല. പൊതുവിപണിയില്‍ അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് സപ്ലൈകോ സ്റ്റോറുകള്‍ വ്യാപകമായി തുറക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
ഭക്ഷ്യ ധാന്യങ്ങള്‍ക്ക് കേന്ദ്രം അധിക ജി.എസ്.ടി പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിലെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ ആറ് വര്‍ഷമായി വിതരണം ചെയ്യുന്ന 13 ഉത്പന്നങ്ങളുടെ മേല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.