ആലപ്പുഴ : ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. എസ്‌ഡിപിഐ പ്രവർത്തകരുടെ ഭാര്യമാരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആലപ്പുഴ നഗരസഭയിലെ മുല്ലാത്ത് വാർഡിലും സമീപ പ്രദേശങ്ങളിലും ആര്യാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെയും വീടുകളിലാണ് അർധരാത്രി അന്വേഷണ സംഘം അതിക്രമിച്ചുകയറുന്നതായി പരാതി ഉയർന്നിട്ടുള്ളത്.
അന്വേഷണത്തിന്‍റെ പേരിൽ വീടുകളിൽ തിരച്ചിൽ നടത്തുന്നതായും വാതിലും വീട്ടുപകരണങ്ങളും അടിച്ചു തകർക്കുന്നതായും കുട്ടികളെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നതായും ഇവര്‍ പറയുന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പേരിലാണ് അതിക്രമമെന്നാണ് ആരോപണം.
ആലപ്പുഴ ഡിവൈഎസ്‌പിയ്ക്ക് കീഴിലുള്ള അന്വേഷണസംഘത്തിലെ അംഗങ്ങള്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവർക്കെതിരെ ജില്ല, സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് പരാതി നൽകിയിട്ടുണ്ടെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
Also read: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാമെന്ന് സുരേഷ് ഗോപി
രഞ്ജിത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകനെ കൊണ്ട് പൊലീസ് നിർബന്ധിച്ച് 'ജയ്ശ്രീറാം' മുദ്രാവാക്യം വിളിപ്പിച്ചു എന്ന ആരോപണവും കഴിഞ്ഞ ദിവസം എസ്‌ഡിപിഐ ഉന്നയിച്ചിരുന്നു. മണ്ണഞ്ചേരി സ്വദേശി ഫിറോസാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
എന്നാൽ ആരോപണം സത്യമെന്ന് തെളിയിച്ചാൽ ജോലി രാജി വയ്ക്കാമെന്നായിരുന്നു ഇതേക്കുറിച്ച് എഡിജിപി വിജയ് സാഖറെയുടെ പ്രതികരണം. ഇതിനിടയിലാണ് അന്വേഷണ സംഘത്തിനെതിരെ പുതിയ ആരോപണം.
അതേസമയം, എസ്‌ഡിപിഐ പ്രവർത്തകർക്കെതിരായ അന്വേഷണവും നടത്തുന്നത് തടയാനും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കാനുമാണ് ഇത്തരം ആരോപണങ്ങൾ നേതൃത്വം ഉന്നയിക്കുന്നതെന്നും ആരോപണമുണ്ട്.