ആലപ്പുഴ: അപ്പത്തിനും മുട്ടക്കറിയ്ക്കും അമിത വില ഈടാക്കിയെന്ന് പരാതി നല്‍കിയ ആലപ്പുഴ എംഎൽഎ പി.പി ചിത്തരഞ്ജനെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് ആരോപണവിധേയമായ ഹോട്ടലിന്‍റെ ഉടമ തോമസ് എം.ജെ. എംഎൽഎ കഴിച്ച ഭക്ഷണത്തിന് പണം നൽകാതെയാണ് ഹോട്ടലിൽ നിന്ന് പോയത് എന്നാണ് ചിലർ പ്രചരിപ്പിയ്ക്കുന്നത്. ഇത് അടിസ്ഥാനവിരുദ്ധമാണ്.
എംഎൽഎ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷം വിലയെ സംബന്ധിച്ച് കൗണ്ടറിലുണ്ടായിരുന്ന ആളിനോട് ചോദിച്ചു. ശേഷം ഹോട്ടൽ ജീവനക്കാരിയുടെ കൈയില്‍ പണം നൽകിയ ശേഷമാണ് ഹോട്ടലിൽ നിന്ന് മടങ്ങിയതെന്നും ഹോട്ടലിന്‍റെ മാനേജിങ് പാർട്‌നർ തോമസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് എംഎൽഎയ്‌ക്കെതിരെ ചിലർ നടത്തുന്നത് കുപ്രചാരണങ്ങളാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും തോമസ് ആരോപിച്ചു. വെള്ളിയാഴ്‌ചയാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ എംല്‍എയും ഡ്രൈവറും ഭക്ഷണം കഴിയ്ക്കാനെത്തിയത്. അഞ്ചപ്പവും രണ്ട് മുട്ട റോസ്റ്റിനുമായി ജിഎസ്‌ടി ഉള്‍പ്പെടെ 184 രൂപയാണ് ഈടാക്കിയത്. അമിത വില ഈടാക്കിയെന്ന് കാണിച്ച് എംഎല്‍എ കലക്‌ടർക്ക് പരാതി നല്‍കിയത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Also read: ഐഎൻടിയുസി - വിഡി സതീശൻ; ഇടപെടാൻ കെപിസിസി; കെ സുധാകരൻ ആര്‍ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തും