ആലപ്പുഴ: നഗരസഭയിലെ മുപ്പത്തിയഞ്ചാം വാർഡായ ലജനത്തിലെ ഒരു വീട്ടിൽ അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായ ലജനത്ത്, സക്കരിയ ബസാർ വാർഡുകളെ കണ്ടെയ്‌ൻമെന്‍റ് സോണാക്കി. രോഗബാധ സ്ഥിരീകരിച്ച ആളുകൾ തൊട്ടടുത്ത 43ാം വാർഡിലെ (സക്കറിയ ബസാർ) ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും മെഡിക്കൽ ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ രോഗവ്യാപനസാധ്യത നിലനിൽക്കുന്നതിനാലാണ് മേഖലയെ കണ്ടെയ്‌ൻമെന്‍റ് സോണാക്കിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഇവിടെ രോഗവ്യാപനം ഉണ്ടാവാൻ സാധ്യതയേറെയാണ്. പ്രദേശം അണുവിമുക്തമാക്കുവാനും ജാഗ്രതാ നിർദേശം നൽകുവാനും ജനപ്രതിനിധികളും പൊലീസും ആരോഗൃ - സന്നദ്ധ പ്രവർത്തകരും സേവനരംഗത്തുണ്ട്.
നഗരപരിധിക്ക് അടുത്ത പ്രദേശമായ ചെട്ടികാട് സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകയ്ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാർ ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിലാണ്. ജില്ലയിൽ രോഗവ്യാപനമുണ്ടാവാതിരിക്കാൻ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.