സേലം (തമിഴ്‌നാട്) : നാല് വർഷം കൊണ്ട് സ്വരുക്കൂട്ടിയ ഒരു രൂപ നാണയങ്ങൾ കൊണ്ട് 2.50 ലക്ഷം രൂപയുടെ സ്വപ്‌ന ബൈക്ക് സ്വന്തമാക്കി സേലം സ്വദേശി. 29കാരനായ യൂട്യൂബർ ഭൂപതിയാണ് ഒറ്റ രൂപ നാണയങ്ങൾ കൊടുത്ത് ബജാജ് ഡോമിനോർ 400 സിസി ബൈക്ക് സ്വന്തമാക്കിയത്. നാണയങ്ങൾ ഉന്തുവണ്ടിയിലാക്കിയാണ് ഭൂപതി ഷോറൂമിലെത്തിച്ചത്.
അഞ്ച് രൂപ നാണയങ്ങൾ ശേഖരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് താൻ ഒരു രൂപ നാണയങ്ങൾ സ്വരുക്കൂട്ടാൻ തുടങ്ങിയതെന്ന് ഭൂപതി പറയുന്നു. ആദ്യം കറൻസി നോട്ടുകളായി 10,000 രൂപ സ്വരൂപിച്ച ഭൂപതി പിന്നീട് അത് ഹോട്ടലുകളെയും ബാങ്കുകളെയും സമീപിച്ച് ഒരു രൂപ നാണയങ്ങളാക്കി മാറ്റുകയായിരുന്നു. ബാക്കി പണം എടിഎമ്മിൽ നിന്ന് പിൻവലിച്ച ശേഷം നാണയങ്ങളാക്കി.
Also Read: 25കാരിയുമായി വിവാഹം, പിന്നാലെ കുടുംബവഴക്ക്; ഒടുവിൽ 45കാരൻ ആത്മഹത്യ ചെയ്‌തു
പിന്നീട് തന്‍റെ ഇഷ്‌ട ബൈക്ക് സേലത്തെ ഷോറൂമിലുണ്ടെന്ന് മാനേജർ അറിയിച്ച ശേഷം അവിടുന്ന് ബൈക്ക് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഒരു രൂപ നാണയങ്ങൾ സ്വീകരിക്കാൻ ഷോറൂം മാനേജരെ അനുനയിപ്പിച്ചു. നാണയങ്ങൾ കറൻസി നോട്ടുകൾ ആക്കി മാറ്റുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ അതിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മാനേജർ സമ്മതിച്ചതെന്ന് ഭൂപതി പറയുന്നു.
ജീവനക്കാരും തന്‍റെ വിശ്വസ്‌തരുമുൾപ്പടെ 12 പേരുടെ സഹായത്തോടെ എട്ട് മണിക്കൂറോളമെടുത്താണ് നാണയങ്ങൾ മുഴുവൻ എണ്ണിത്തീർത്തതെന്ന് ഷോറൂം മാനേജർ മഹാവിക്രാന്ത് പറയുന്നു. നാണയങ്ങൾ ബാഗുകളിൽ നിറയ്ക്കുകയും ഉന്തുവണ്ടിയിൽ കൊണ്ടു പോകുകയും എണ്ണുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.