ന്യൂഡൽഹി: നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനായി 14,500 കോടി രൂപയുടെ ധനസമാഹരണത്തിന് അംഗീകാരം നൽകി ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) ഓഹരി ഉടമകൾ. ശനിയാഴ്‌ച നടന്ന പ്രത്യേക യോഗത്തിലാണ് ഓഹരി ഉടമകൾ നിർദേശം അംഗീകരിച്ചത്. 4,500 കോടി രൂപയുടെ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിനുള്ള പ്രമേയം നേരത്തേ യോഗത്തിൽ അവതരിപ്പിച്ചിരുന്നു.
ഇതിനുപുറമേ ധനസമാഹരണത്തിന്‍റെ ഭാഗമായി, ഓഹരി വിൽപനയിലൂടെയോ എഡിആർ, ജിഡിആർ, എഫ്‌സിസിബികളുടെ ലയനത്തിലൂടെയോ 10,000 കോടി രൂപ സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതിയും വിഐഎൽ തേടുകയായിരുന്നു. കടക്കെണിയിലായ വോഡഫോൺ ഐഡിയ ലിമിറ്റഡിലേക്ക് 3,375 കോടി രൂപയോളം നിക്ഷേപിക്കാനാണ് പ്രൊമോട്ടർ സ്ഥാപനമായ വോഡഫോൺ പദ്ധതിയിടുന്നത്. കൂടാതെ ആദിത്യ ബിർള ഗ്രൂപ്പ് 1,125 കോടി രൂപയോളം നിക്ഷേപിക്കും.
ALSO READ: മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തി ഗവേഷകർ
വോഡഫോണിന്‍റെ കോർപ്പറേറ്റ് സ്ഥാപനങ്ങളായ യൂറോ പസഫിക് സെക്യൂരിറ്റീസ്, പ്രൈം മെറ്റൽസ് എന്നിവ 253.75 കോടി ഇക്വിറ്റി ഷെയർ സംഭാവന ചെയ്യും. ഇത് മുൻഗണനാടിസ്ഥാനത്തിൽ കമ്പനി ഇഷ്യൂ ചെയ്യുന്ന ആകെ ഓഹരികളുടെ 75 ശതമാനമായിരിക്കും. അതേസമയം ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ഒറിയാന ഇൻവെസ്റ്റ്‌മെന്‍റ്സ് 84.58 കോടി രൂപ നിക്ഷേപിക്കും.
ഇത് ധനസമാഹരണത്തിന്‍റെ ഭാഗമായുള്ള വിഐഎല്ലിന്‍റെ മുൻഗണനാ ഓഹരികളുടെ 25 ശതമാനമാണ്. നിലവിൽ പ്രമോട്ടർമാരായ ബിർള ഗ്രൂപ്പ് വിഐഎല്ലിന്‍റെ 27 ശതമാനത്തിലധികവും, വോഡഫോൺ 44 ശതമാനത്തിലധികവും ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം 10 രൂപ വീതമുള്ള 7,000 കോടി ഓഹരികളായും, 10 രൂപ വീതമുള്ള 500 കോടി മുൻഗണനാ ഓഹരികളായും വിഭജിച്ച്, അംഗീകൃത ഓഹരി മൂലധനം 75,000 കോടി രൂപയായി ഉയർത്താനുള്ള അനുമതിയും തേടിയിട്ടുണ്ട്.