ന്യൂഡല്‍ഹി: 2,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank Of India- RBI) പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. മെയ് 19ന് നോട്ടുകള്‍ പിന്‍വലിക്കുമെന്ന അറിയിപ്പ് വന്നെങ്കിലും അവ മാറ്റിയെടുക്കാന്‍ സെപ്‌റ്റംബര്‍ 30 വരെ സാവകാശവും ആര്‍ബിഐ (RBI) നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് നല്‍കി. നോട്ട് പിന്‍വലിക്കുന്നുവെന്ന തീരുമാനം ഉണ്ടായതിന് പിന്നാലെ ഇപ്പോള്‍ ചില കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank Of India) സാമ്പത്തിക ഗവേഷണ വിഭാഗം.
ആര്‍ബിഐ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടായതായാണ് എസ്‌ബിഐ റിപ്പോര്‍ട്ട്. ആര്‍ബിഐ തീരുമാനം വന്ന് 15 ദിവസത്തിനുള്ളിലാണ് ബാങ്ക് നിക്ഷേപങ്ങളില്‍ ഇത്രയധികം വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ ബാങ്കുകളിലേക്ക് ഏകദേശം 3.08 ലക്ഷം കോടി രൂപ മൂല്യം വരുന്ന രണ്ടായിരത്തിന്‍റെ നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2000 നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം വന്ന സമയത്ത് ഇവയുടെ ആകെ മൊത്തമൂല്യം 3.62 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍, ഇതിനോടകം ഈ തുകയില്‍ 85 ശതമാനവും ബാങ്കുകളിലേക്ക് നിക്ഷേപിക്കപ്പെട്ടുവെന്നാണ് എസ്‌ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിലവില്‍, 54,000 കോടി വിലമതിക്കുന്ന 2,000 രൂപയുടെ നോട്ടുകള്‍ ചെറിയ മൂല്യമുള്ള നോട്ടുകളാക്കി മാറ്റിയിട്ടുണ്ട്. ഈ സമയത്ത് ബാങ്ക് നിക്ഷേപം കൂടുതലായി നടന്നത് സേവിങ്‌സ് അക്കൗണ്ടുകളിലേക്ക് അല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
40 ശതമാനം തുകയും കറന്‍റ് അക്കൗണ്ടുകളിലേക്ക്: ബാങ്കുകളിലേക്ക് എത്തിയ ആകെ 3.08 ലക്ഷം കോടിയുടെ നിക്ഷേപങ്ങളില്‍ 1.23 കോടിയും കറന്‍റ് അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഇത് ആകെ തുകയുടെ 40 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്ത നിക്ഷേപത്തിന്‍റെ 30 ശതമാനം തുകയായ 92,000 കോടിയുടെ നിക്ഷേപങ്ങളാണ് സേവിങ്‌സ് അക്കൗണ്ടുകളിലേക്ക് (Savings Account) എത്തിയിട്ടുള്ളത്.
ഇന്ധനം വാങ്ങാനും ക്യാഷ് ഓണ്‍ ഡെലിവറിക്കും 2,000 രൂപ നോട്ടുകള്‍: ഈ ഒരു സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളിലൂടെയുള്ള പണമിടപാടും കുത്തനെ ഉയര്‍ന്നുവെന്ന് എസ്‌ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പമ്പുകളിലെത്തുന്ന ഉപഭോക്താക്കള്‍ കൂടുതലായി 2,000 രൂപ നോട്ടുകളാണ് നല്‍കുന്നത്. ഇതോടെ, ഇവിടങ്ങളില്‍ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനത്തിലും കുറവ് വന്നിട്ടുണ്ട്.
നേരത്തെ, പെട്രോള്‍ പമ്പുകളില്‍ പ്രതിദിനം വില്‍പ്പനയുടെ 40 ശതമാനവും ഡിജിറ്റല്‍ പേമെന്‍റുകളിലൂടെയാണ് നടന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് 10 ശതമാനത്തിലേക്ക് എത്തി.
ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവരില്‍ ക്യാഷ് ഓണ്‍ ഡെലിവറി തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ 75 ശതമാനം ഉപയോക്താക്കളും 2,000 രൂപ നോട്ടുകളിൽ പണമിടപാട് നടത്തുന്നതായി റിപ്പോർട്ടുണ്ട്.
കൂടാതെ, റിയൽ എസ്റ്റേറ്റ്, സ്വർണ്ണം, ആഭരണങ്ങൾ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വസ്‌തുക്കള്‍ വാങ്ങാനും കൂടുതലായി ഇപ്പോള്‍ 2,000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read : Explained: 2000 നോട്ട് 'ഔട്ട്', കാലാവധി കഴിഞ്ഞെന്ന് റിസര്‍വ് ബാങ്ക്; ഇനിയെന്ത് എന്നറിയാം