സാൻഫ്രാൻസിസ്കോ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പ്രതിമാസം 7.99 യുഎസ് ഡോളർ നൽകണമെന്ന് അറിയിച്ച് ഇലോൺ മസ്‌ക്. ട്വിറ്ററിൽ തുടരുന്നതിന് ആരിൽ നിന്നും പണം ഈടാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ വെരിഫൈഡ് ബാഡ്‌ജ് സ്വന്തമാക്കാനും മറ്റ് ചില ഫീച്ചറുകൾ വേണ്ടവർക്കും മാത്രമാണ് ഫീസെന്നും മസ്‌ക് വ്യക്തമാക്കി.
വെരിഫൈഡ് ആകുന്ന ട്വിറ്റർ ഉപയോക്താക്കൾക്ക് മെൻഷനുകളിലും ട്വീറ്റ് റിപ്ലേകളിലും സെർച്ചുകളിലുമടക്കം മുൻഗണന ലഭിക്കും. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യുകെ എന്നിവിടങ്ങളിലെ ഐഫോണുകളിലെ ഏറ്റവും പുതിയ അപ്പ്‌ഡേറ്റില്‍, പുതിയ 'ട്വിറ്റർ ബ്ലൂ വിത്ത് വേരിഫിക്കേഷൻ' (Twitter Blue with verification) ലഭിക്കുന്നതിനായി ഇപ്പോൾ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് ട്വിറ്റർ അറിയിച്ചു.
പുതിയ ബ്ലൂ ടിക്ക് സജീവമായിട്ടില്ല: പുതിയ സബ്‌സ്‌ക്രിപ്‌ഷൻ എപ്പോൾ സജീവമാകുമെന്ന് വ്യക്തമല്ലെന്ന് ട്വിറ്റർ ജീവനക്കാരനായ എസ്‌തർ ക്രോഫോർഡ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. നിലവിലുള്ള പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകളിൽ സെലിബ്രിറ്റികൾ, കായിക താരങ്ങൾ, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർ, ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികൾ, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, വാർത്ത ഔട്ട്‌ലെറ്റുകൾ, ആക്‌ടിവിസ്റ്റുകൾ, ബിസിനസുകാർ, ബ്രാൻഡുകൾ എന്നിവ ഉൾപ്പെടുന്നു.
അതേസമയം പ്ലാറ്റ്‌ഫോമിന്‍റെ സ്ഥിരീകരണ സംവിധാനത്തിലെ പുതിയ മാറ്റത്തില്‍ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നീല ടിക്കിന് മൂല്യമുണ്ടെന്ന് മസ്‌കിനറിയാമെന്നും അയാൾ അത് ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെന്നും സോഷ്യൽ മീഡിയ വിദഗ്‌ധനായ പ്രൊഫസർ ജെന്നിഫർ ഗ്രിജിൽ പറഞ്ഞു.
കൂട്ടപ്പിരിച്ചുവിടൽ: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോകം കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകളിലൊന്നായിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ ആഗോളതലത്തില്‍ ട്വിറ്ററിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും ആകെയുള്ള 7,600 ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്കും ജോലി നഷ്‌ടമായി.
പിരിച്ചുവിടല്‍ അറിയിപ്പ് ലഭിക്കുന്നതിന് മുന്‍പ് തന്നെ ജീവനക്കാരെ കമ്പനിയുടെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും ആശയവിനിമയ ശൃംഖലയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം നേരത്തെ അറിയിക്കാതെയുള്ള പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ട്വിറ്ററിനെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.