ഭോപ്പാല്‍: പച്ചക്കറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ വില വര്‍ധിക്കുന്നത് സാധാരണ സംഭവമാണ്. പച്ചക്കറി വിപണിയില്‍ ഇപ്പോള്‍ ഒരു കിലോ തക്കാളിയ്‌ക്ക് 100 രൂപ മുതല്‍ 160 രൂപ വരെയാണ് വിവിധയിടങ്ങളിലെ വില. കാലവര്‍ഷം കടുത്തതും തക്കാളിയുടെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
തക്കാളി വില വര്‍ധിച്ച സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു മൊബൈല്‍ കടയുടമ മൊബൈല്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഒരു കിലോ തക്കാളി ഫ്രീയായി നല്‍കിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. തക്കാളിയ്‌ക്ക് വിലകൂടിയത് വിപണന രംഗത്ത് ഒരു മാര്‍ക്കറ്റിങ് തന്ത്രമായി പയറ്റുകയാണ് മൊബൈല്‍ കടയുടമകള്‍.
മധ്യപ്രദേശിലെ അശോക് നഗറില്‍ നിന്നുള്ള അഭിഷേക് അഗര്‍വാളാണ് തന്‍റെ കടയില്‍ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കടയിലെത്തി സ്‌മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസ് ചെയ്യുന്ന ഓരോരുത്തര്‍ക്കും 2 കിലോ തക്കാളിയാണ് അഭിഷേക് സമ്മാനമായി നല്‍കുന്നത്. തക്കാളിയ്‌ക്ക് വിലകൂടുകയും കടയില്‍ ഇത്തരത്തിലുള്ള ഓഫര്‍ നല്‍കുകയും ചെയ്‌തതോടെ മൊബൈല്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ടെന്നും അഭിഷേക് അഗര്‍വാള്‍ പറയുന്നു.
മൊബൈല്‍ വിപണനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും വിലക്കയറ്റ സമയത്ത് തക്കാളി സമ്മാനമായി നല്‍കുമ്പോള്‍ ഉപഭോക്താക്കള്‍ സന്തുഷ്‌ടരാണെന്നും അഗര്‍വാള്‍ പറഞ്ഞു. മഴക്കാലത്ത് തക്കാളി കൃഷി കൂടുതലായി നശിക്കുന്നതും വെള്ളപ്പൊക്കവും മഴക്കെടുതിയും കാരണം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കയറ്റുമതി ചെയ്യാനാകാത്തതുമാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ഇന്‍ഡോറില്‍ നിന്നും അശോക് നഗറിലേക്ക് തക്കാളിയെത്തിക്കാന്‍ ഭാരിച്ച ചെലവാണ്. അതുകൊണ്ട് കഴിഞ്ഞ ആഴ്‌ച 120 രൂപയായിരുന്ന ഒരു കിലോ തക്കാളിയ്‌ക്ക് ഈ ആഴ്‌ച 160 രൂപയായി ഉയര്‍ന്നുവെന്നും കടയിലെത്തിയ ഉപഭോക്താവായ കൃഷ്‌ണ പറഞ്ഞു.
വിഭവങ്ങളില്‍ തക്കാളി ഒഴിവാക്കി മക്‌ഡൊണാള്‍സ്: തക്കാളിയ്‌ക്ക് വില കുതിച്ചുയര്‍ന്നതോടെ പ്രശസ്‌ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍സ് തങ്ങളുടെ ഭക്ഷ്യ വിഭവങ്ങളിലെ തക്കാളി ഉപയോഗിക്കുന്നത് നിര്‍ത്തിയതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹാംബര്‍ഗറുകളിലും മറ്റ് വിഭവങ്ങളിലും ഉപയോഗിച്ചിരുന്നതാണ് നിര്‍ത്തിയത്. വിലക്കയറ്റത്തിനൊപ്പം ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത തക്കാളിയായതിനാലാണ് തത്‌കാലം ഉപയോഗം നിര്‍ത്തി വച്ചതെന്നാണ് മക്‌ഡൊണാള്‍സിന്‍റെ വിശദീകരണം.
'എത്ര ശ്രമിച്ചിട്ടും ഗുണനിലവാരമുള്ള തക്കാളി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അതുകൊണ്ട് ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്നും ഗുണനിലവാരമില്ലാത്ത ഉത്‌പന്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറല്ലെന്നും അതാണ് ഉപയോഗം നിര്‍ത്തി വയ്‌ക്കാന്‍ കാരണമെന്നും' മക്‌ഡൊണാള്‍സ് പറഞ്ഞു. രാജ്യമെങ്ങും തക്കാളി വില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കിലോയ്‌ക്ക് 200 രൂപയ്‌ക്ക് മുകളിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യമെങ്ങുമുണ്ടായ കനത്ത മഴയും വിതരണത്തിലെ പിഴവുകളുമാണ് തക്കാളി വില വര്‍ധിക്കാന്‍ കാരണമായത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ അത്യുഷ്‌ണം തക്കാളി കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. തക്കാളി കൂടുതലായി സംഭരിച്ച് വയ്‌ക്കാന്‍ കഴിയാത്തതും പ്രധാനമായും തക്കാളി കൃഷിയിറക്കുന്ന കര്‍ണാടകയില്‍ ഇത്തവണ അപൂര്‍വ്വ രോഗം പിടിപ്പെട്ട് കാര്‍ഷിക വിളകള്‍ നശിച്ചതുമാണ് ഇത്തരത്തില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായത്. തക്കാളിയ്‌ക്ക് പുറമെ, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയുടെയും വില വര്‍ധിച്ചിട്ടുണ്ട്.