ചെന്നൈ : ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ 9000 കോടി അബദ്ധത്തില്‍ നിക്ഷേപിച്ച് പുലിവാല് പിടിച്ചതിന് പിന്നാലെ തമിഴ്‌നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ എംഡി, സിഇഒ സ്ഥാനം ഒഴിഞ്ഞ് എസ് കൃഷ്‌ണന്‍ (Tamilnad Mercantile Bank MD and CEO S Krishnan resigned). ഒരാഴ്‌ച മുന്‍പായിരുന്നു വലിയ ചർച്ചയായ സംഭവം നടന്നത്. അമളി പറ്റിയെന്ന് ബോധ്യപ്പെട്ടതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബാങ്ക് പണം പിന്‍വലിക്കുകയും ചെയ്‌തു.
ഓട്ടോറിക്ഷ ഡ്രൈവറായ രാജ്‌കുമാറിന്‍റെ അക്കൗണ്ടിലേക്കാണ് സെപ്‌റ്റംബര്‍ ഒന്‍പതിന് മെര്‍ക്കന്‍റൈല്‍ ബാങ്ക് (Tamilnad Mercantile Bank) 9000 കോടി രൂപ അബദ്ധത്തില്‍ നിക്ഷേപിച്ചത്. മൊബൈല്‍ ഫോണില്‍ ഇത് സംബന്ധിച്ച് സന്ദേശം ലഭിച്ചെങ്കിലും ആദ്യം രാജ്‌കുമാറിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കള്‍ തന്നെ കബളിപ്പിക്കാനായി ചെയ്‌ത പ്രവര്‍ത്തിയാണെന്നാണ് ഇയാള്‍ കരുതിയത്. പിന്നീട് സംഭവം സത്യമാണോ എന്നറിയുന്നതിനായി രാജ്‌കുമാര്‍ അക്കൗണ്ടില്‍ നിന്ന് 21,000 രൂപ ഒരു സുഹൃത്തിന് അയച്ചു. സുഹൃത്തിന് പണം ലഭിച്ചു എന്നറിഞ്ഞതോടെയാണ് രാജ്‌കുമാര്‍ ഞെട്ടിയത് (Tamilnad Mercantile Bank credited 9000 crores).
മണിക്കൂറുകള്‍ക്ക് ശേഷം മെര്‍ക്കന്‍റൈല്‍ ബാങ്കില്‍ നിന്ന് വിളിയെത്തി. പണം അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ രാജ്‌കുമാറിനെ അറിയിച്ചു. പിന്നാലെ ബാങ്ക് പണം പിന്‍വലിക്കുകയും ചെയ്‌തു. രാജ്‌കുമാറിന്‍റെയും ബാങ്കിന്‍റെയും അഭിഭാഷകര്‍ ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പില്‍ 9000 കോടിയില്‍ നിന്ന് ഇയാള്‍ പിന്‍വലിച്ച 21,000 രൂപ തിരികെ നല്‍കേണ്ട എന്നും വാഹന വായ്‌പ നല്‍കാമെന്നും ബാങ്ക് അറിയിക്കുകയായിരുന്നു.
ഈ സംഭവം മെര്‍ക്കന്‍റൈല്‍ ബാങ്കിനെതിരെ വിമര്‍ശനം ഉയരുന്നതിന് കാരണമായി. പിന്നാലെയാണ് ബാങ്ക് എംഡിയും സിഇഒയുമായിരുന്ന എസ് കൃഷ്‌ണന്‍ താന്‍ രാജിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്നലെ (സെപ്‌റ്റംബര്‍ 28) കൃഷ്‌ണന്‍റെ രാജി ബോര്‍ഡ് സ്വീകരിക്കുകയും അദ്ദേഹത്തിന്‍റെ എഴുത്ത് വിദഗ്‌ധ ഉപദേശത്തിനായി റിസര്‍വ് ബാങ്കിന് കൈമാറുകയും ചെയ്‌തു. റിസര്‍വ് ബാങ്കില്‍ (Reserve Bank Of India) നിന്ന് നിര്‍ദേശം ലഭിക്കുന്നതുവരെ കൃഷ്‌ണന്‍ എംഡി, സിഇഒ സ്ഥാനത്ത് തുടരും.
2022 സെപ്‌റ്റംബര്‍ നാലിനാണ് എസ് കൃഷ്‌ണന്‍ മെര്‍ക്കന്‍റൈല്‍ ബാങ്ക് എംഡിയും സിഇഒയും ആയി ചുമതലയേറ്റത്. കാലാവധിയുടെ മൂന്നില്‍ രണ്ട് ഭാഗവും ബാക്കി നില്‍ക്കെയാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്‍റെ രാജി.