ഇടുക്കി: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തരണം ചെയ്യാന്‍ വ്യത്യസ്‌ത പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്‌ണന്‍ കണ്ടമംഗലത്തും ഭാര്യ രാധയും. നെല്‍ കൃഷി നഷ്‌ടത്തിലായതോടെയാണ് ഹൈറേഞ്ച് കര്‍ഷകര്‍ പാടശേഖരങ്ങളില്‍ കപ്പയും വാഴയും ഉള്‍പ്പടെയുള്ള തന്നാണ്ട് വിളകള്‍ പരീക്ഷിച്ചത്. എന്നാല്‍ വിളവെടുപ്പ് സമയത്തുണ്ടാകുന്ന വിലയിടിവ് വാഴ, പാവല്‍ തുടങ്ങിയ കൃഷികള്‍ക്ക് പലപ്പോഴും വെല്ലുവിളിയാണ്.
സ്ഥലം പാഴാക്കാതെ ഇടവിള കൃഷി: വാഴക്ക് ഇടവിളയായി കൂര്‍ക്ക, മധുരക്കിഴങ്ങ്, എള്ള്, കടുക്, പയറ്, തുടങ്ങിയവയാണെങ്കില്‍ പാവല്‍ തോട്ടത്തില്‍ ഇടവിളയായി സമൃദ്ധമായി വിളയുന്നത് കാബേജും, കാരറ്റും, ബീറ്റ്‌റൂട്ടും തക്കാളിയുമൊക്കെയാണ്. ഒപ്പം ജമന്തി കൃഷിയും പാവല്‍ തോട്ടത്തിന് മനോഹാരിതയേകുന്നുണ്ട്.
വേണം കഠിന പരിശ്രമം: വ്യത്യസ്‌ത കൃഷി രീതിക്കൊപ്പം മികച്ച ലാഭം ലഭിക്കാന്‍ കഠിന പരിശ്രമം കൂടി വേണമെന്നാണ് ഇവരുടെ അഭിപ്രായം. ഇടവിള കൃഷി പരിപാലനത്തിലൂടെ കിട്ടുന്ന വിളവില്‍ നിന്നും കൃഷി പരിപാലനത്തിനുള്ള മുഴുവന്‍ തുകയും കണ്ടെത്താനാകുമെന്നാണ് ഇവര്‍ പറയുന്നത്. വിളവെടുക്കുന്ന പച്ചക്കറികള്‍ വിറ്റഴിക്കാന്‍ വിഎഫ്‌പിസികെയുടെ (വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ ഓഫ് കേരള) വിപണിയുള്ളതിനാല്‍ ന്യായമായ വില ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കൃഷിക്ക് വേണ്ട നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കി കൃഷി വകുപ്പും ഒപ്പമുണ്ട്.