കാസർകോട്: അനന്തംപള്ളം ഗ്രാമത്തിന് ഇപ്പോൾ ചുവപ്പ് നിറമാണ്. ഇവിടുത്തെ പാടങ്ങളിലെല്ലാം വിളവെടുക്കാൻ പാകമായ ചീരകൾ നിറഞ്ഞു നിൽക്കുകയാണ്. കാസർകോട്ടെ തീരദേശമേഖലയായ അനന്തംപള്ളമാണ് ചീരയുടെ ഗ്രാമമായി അറിയപ്പെടുന്നത്.
നൂറുമേനി വിളവ് നൽകുന്ന ചീരകൃഷിയിലാണ് അനന്തംപള്ളത്തെ കർഷകരുടെ പ്രതീക്ഷകൾ. അര നൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുണ്ട് ഇവിടത്തെ ചീര പാടത്തിന്. മുപ്പത് ഏക്കറോളം സ്ഥലത്താണ് ഒരു കൂട്ടം കർഷകർ ചീരകൃഷി ഒരുക്കിയിട്ടള്ളത്.
പ്രദേശത്തെ അമ്പതോളം കുടുംബങ്ങളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കർഷകർ സ്വയം വികസിപ്പിച്ചെടുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ചീരകൃഷി ആറുമാസത്തോളം നീണ്ടു നിൽക്കും.
ആഴ്‌ചയിൽ ഒരു ദിവസം വിളവെടുക്കുന്ന ചീര കാസർകോടിന് പുറമെ കണ്ണൂരും, തലശേരിയിലും വിപണിയിൽ എത്തുന്നുണ്ട്. വർഷങ്ങളായി ചീര കൃഷി ലാഭകരമാണെന്നാണ് കർഷകർ പറയുന്നത്. കൊവിഡിന്‍റെ കാലത്തും ചീരക്കർഷകർക്ക് വിൽപ്പന കുറഞ്ഞില്ല.
കാലാവസ്ഥ മാറ്റത്തിന്‍റെ ഭാഗമായുണ്ടാകുന്ന ഇലപ്പുള്ളി രോഗം മാത്രമാണ് ചീര കർഷകരുടെ ആശങ്ക. ഇതിന് മരുന്നും കണ്ടെത്തിയിട്ടില്ല. ചീരക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളാണ് കർഷകരെ വലക്കുന്നത്.
എന്നാൽ അനന്തംപള്ളത്ത് വിളഞ്ഞു നിൽക്കുന്ന ചീര പാടങ്ങൾ ഇന്നാട്ടിലെ കർഷക കൂട്ടായ്‌മയുടെയും അധ്വാനത്തിന്‍റെയും വിജയമാണ്. വിളവെടുക്കുന്ന സമയത്ത് ചീര വാങ്ങാൻ ഗ്രാമത്തിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.